ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ കോടീശ്വരനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി. പത്ത് ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടുന്ന ഏക ഏഷ്യക്കാരൻ എന്ന ബഹുമതിയും മുകേഷ് അംബാനിക്ക് സ്വന്തം. ലോക കോടീശ്വരനായ വാറന്‍ ബഫറ്റിനെ മറികടന്നാണ് സമ്പന്ന പട്ടികയില്‍ കോടീശ്വരന്മാരില്‍ എട്ടാം സ്ഥാനം മുകേഷ് അംബാനി ഉറപ്പിച്ചത്. ബഫറ്റ് ഇതോടെ ഒന്‍പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മുകേഷിൻ്റെ നേട്ടത്തോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില എക്കാലത്തേയും റെക്കോര്‍ഡ് ഭേദിച്ച് വന്‍ കുതിപ്പിലേക്ക്. മുകേഷ് അംബാനിയുടെ മൊത്തം ആസ്തി 68.3 ബില്യണ്‍ ഡോളറാണ്.വാറന്‍ ബഫറ്റിൻ്റേത് 67.9 ബില്യണ്‍ ഡോളറും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 290 കോടി ഡോളര്‍ ചിലവാക്കിയതാണ് വാറന്‍ ബഫറ്റ് പിന്നിലാവാന്‍ കാരണം.
റിലയന്‍സിന്റെ ഓഹരി ജൂണോടെ ഇരട്ടിയായി ഉയര്‍ന്നിരുന്നു. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നായി 1.15 ലക്ഷം കോടി രൂപയിലധികം നിക്ഷേപമെത്തിയതാണ് ഓഹരി ഉയരാൽ ഇടയാക്കിയത്. ഇതിനു പുറമേ ബ്രിട്ടീഷ് പെട്രോളിയവുമായി ചേര്‍ന്ന് ഇന്ധന വിതരണം സജീവമാക്കാനുള്ള തീരുമാനവും കുതിപ്പിനു കാരണമായി. ഇതിനായി 100 കോടി ഡോളറാണ് റിലയന്‍സില്‍ ബ്രിട്ടീഷ് പെട്രോളിയം നിക്ഷേപിക്കുന്നത്.
ഈ വര്‍ഷം മാത്രം റിലയന്‍സ് ഇന്റസ്ട്രീസിന്റെ ഓഹരികള്‍ ഉയര്‍ന്നത് 17 ശതമാനത്തിലധികമാണ്. 2012 ലാണ് ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടിക പുറത്തു വിട്ടു തുടങ്ങിയത്. അന്നു മുതല്‍ കഴിഞ്ഞ മാസം വരെ ടോപ്പ് 5 ക്കുള്ളിലെ നിറസാന്നധ്യമായിരുന്നു ബഫറ്റ്.