ന്യൂഡെൽഹി: രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും കേന്ദ്ര സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിട്ടനിൽ സംഘടിപ്പിച്ച ഗ്ലോബൽ ഇന്ത്യ വീക്കിലെ വെർച്വൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല സർക്കാരിന് ശ്രദ്ധയുള്ളത്. ലോക്ക് ഡൗണിനിടയിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോടൊപ്പം സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും ഒരുപോലെ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സമ്പദ് വ്യവസ്ഥ ഉറങ്ങിക്കിടക്കുകയായിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ സമ്പദ് വ്യവസ്ഥയെ ഉണർത്തി. ലോകത്തെ മൊത്തത്തിൽ ബാധിച്ച പകർച്ചവ്യാധിക്ക് എതിരെ ഇന്ത്യ ഒരു ഭാഗത്ത് ശക്തമായ പോരാട്ടം തുടരുകയാണ്.
കൂടാതെ ലോകത്തിന്റെ വിവിധ ഭാഗത്തിലുള്ള നിക്ഷേപകരെ രാജ്യത്ത് പണം നിക്ഷേപിക്കാനായി പ്രധാനമന്ത്രി ക്ഷണിച്ചു. ലോകത്ത് എല്ലായിടത്തുമുള്ള കമ്പനികളെ രാജ്യത്ത് നിക്ഷേപം നടത്താൻ ചുവന്ന പരവതാനി വിരിച്ച് രാജ്യം സ്വാഗതം ചെയ്യുന്നു. രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ പുനരുജ്ജീവനത്തിന്റെ പുൽനാമ്പുകൾ മുളക്കുന്നുണ്ട്. ഇന്ത്യ നൽകുന്നത് പോലെയുള്ള ആനുകൂല്യങ്ങൾ വളരെ കുറച്ച് രാജ്യങ്ങൾ മാത്രമാണ് നിക്ഷേപകർക്ക് നൽകുന്നതെന്നും പ്രധാനമന്ത്രി.
ബ്രിട്ടനിൽ സംഘടിപ്പിച്ച കോൺഫറൻസിൽ 5000 പേർ ഭാഗമാകുന്നുണ്ട്. 250 പ്രഭാഷകരാണ് 75 സെക്ഷനുകളിലായി സംസാരിക്കുക.