ന്യൂഡെല്‍ഹി: നിയന്ത്രണ രേഖയിലെ സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ചൈനയും സേനകളെ പിന്‍വലിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം നടന്ന ഗാല്‍വനില്‍ നിന്ന് മാത്രമാണ് സേനാപിന്മാറ്റമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ത്യ- ചൈന സേനകള്‍ക്ക് ഇടയില്‍ ഒരു സുരക്ഷിത അകലം സൃഷ്ടിച്ചാണ് സേനാ പിന്മാറ്റം ഉണ്ടായതെന്നാണ് സേനാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ മൂന്ന് മാസമായി നിയന്ത്രണരേഖയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന് ഇതോടെ അയവുവരുമെന്നാണ് വിലയിരുത്തല്‍. സൈനിക തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ് ഇരുപക്ഷവും സേനകളെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ചൈന ധാരണകള്‍ പാലിക്കാന്‍ തയ്യാറാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും കാത്തിരുന്ന് കാണാമെന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇരുപക്ഷവും കെട്ടി ഉയര്‍ത്തിയ താത്കാലിക സംവിധാനങ്ങള്‍ നീക്കം ചെയ്തു. ഇക്കാര്യം ബോധ്യപ്പെടാന്‍ നേരിട്ടുളള പരിശോധന നടത്തിയതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യയുടെ 20 സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യയുടെ തിരിച്ചടിയില്‍ 40ലധികം ചൈനീസ് സൈനികരെ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.