തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്വപ്‌ന സുരേഷും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രി പിണറായി വിജയനും തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയെന്ന് സംശയിക്കുന്നതരത്തിലായിരുന്നു ട്വീറ്റ്. ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ 30 മിനിറ്റിനുള്ളില്‍ ചിത്രം പിന്‍വലിച്ചു.
ഇന്നലെ രാജ്ഭവനിൽ നടന്ന ചടങ്ങിനെ കുറിച്ചുള്ള ട്വീറ്റിൽ ആണ് ചിത്രമുള്ളത്. ജൂലൈ അഞ്ചിന് ജീവന്‍രംഗ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്‌നോളേജ് സീരീസില്‍ ഗവര്‍ണര്‍ അഭിസംബോധന ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രം പിന്‍വലിച്ച ശേഷം മാറിപ്പോയതാണെന്നാണ് രാജ്ഭവന്‍ നല്‍കിയ വിശദീകരണം.
കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജിൽനിന്ന് 30 കിലോ സ്വർണം പിടികൂടിയത്. ഭക്ഷണസാധനമെന്ന പേരിലാണ് ഡിപ്ലോമാറ്റിക് ബാഗേജ് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
അതേസമയം സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയെ എങ്ങനെയെങ്കിലും പെടുത്താന്‍ പറ്റുമോ എന്ന് ചിലര്‍ ആലോചിക്കുന്നു. സ്വപ്ന സുരേഷിന്‍റെ നിയമനം താന്‍ അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് തന്നെയാണ്. അത് കൃത്യമായി അന്വേഷിക്കുമെന്നാണ് കരുതുന്നത്. അതുമായി ബന്ധപ്പെട്ട് ആരും രക്ഷപ്പെടില്ല, അത്തരം ആളുകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും പ്രധാനം, ആവശ്യമായ ജാഗ്രതയോടെ അന്വേഷണം മുന്നോട്ടുപോവുകയാണ്, അന്വേഷണ ഏജന്‍സിയോട് സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.