ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കൊറോണ സ്ഥിരീകരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് ഭീകരർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചു. ശ്രീനഗറിലെ ഡിസി ആശുപത്രിയിലാണ് ഇവരുടെ കൊറോണ പരിശോധന നടത്തിയത്. ആരോഗ്യ, നിയമ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഭീകരരിൽ നിന്ന് സ്രവസാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചത്.
മൃതദേഹങ്ങൾ കുടുംബത്തിനു കൈമാറണമെന്നാണ് ചട്ടം.

പക്ഷേ, കൊറോണ സാഹചര്യം പരിഗണിച്ച് ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന ഭീകരരുടെ മൃതദേഹങ്ങൾ പൊലീസ് മേൽനോട്ടത്തിലാണ് ഇപ്പോൾ സംസ്കരിക്കുന്നത്. നിയമനടപടികൾ പൂർത്തീകരിച്ചതിനു ശേഷം ഇവരുടെ മൃതദേഹങ്ങൾ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് ബാരാമുള്ളയിൽ സംസ്കരിക്കുമെന്ന് കശ്മീർ പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്നുള്ള ഹിസ്ബുൾ മുജാഹിദീൻ ഭീകരൻ അലി ഭായ്-ഹൈദർ, ഹിലാൽ അഹമ്മദ് മാലിക് എന്നിവരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. അറേ, കുൽഗാം മേഖലകളിലാണ് മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലുകൾക്കൊടുവിലാണ് ഭീകരരെ വധിക്കാൻ കഴിഞ്ഞത്. സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മേഖലയിൽ നടത്തിയ തെരച്ചിലിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു.

ഈ മാസം ഒന്നിന് ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.
പുൽവാമയിലെ ട്രാൽ മേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പ്രദേശവാസികളിൽ ഒരാൾ കൊല്ലപ്പെട്ടു. പട്രോളിംഗിനിറങ്ങിയ സിആർപിഎഫ് ജവാന്മാർക്ക് നേരെയാണ് വെടിവയ്പുണ്ടായത്. ആകമണത്തിൽ പ്രദേശവാസികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ പ്രദേശത്ത് കൂടുതൽ സിആർപിഎഫ് ജവാന്മാരെ വിന്യസിക്കുകയും പരിശോധന ഊർജിതമാക്കുകയും ചെയ്തിരുന്നു.