ബെംഗലൂരു: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു രൂപപോലും ചിലവഴിച്ചില്ലെന്ന് വിവരാവകാശ രേഖ. വെല്‍ഫെയര്‍പാര്‍ട്ടി കര്‍ണാടക ഘടകം ആര്‍ടിഐ പ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇതുവരെ പണമൊന്നും ചിലവഴിച്ചില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 290.98 കോടി രൂപയോളമായിരുന്നു ശേഖരിച്ചത്. എന്നാല്‍ ഇതില്‍ നിന്നും ഒരുരൂപ പോലും ചിലവഴിച്ചില്ലെന്നാണ് വിവരാവകാശ രേഖ പറയുന്നത്. കര്‍ണാടകയില്‍ കൊറോണ വ്യാപനം രൂക്ഷമായ ഈ ഘട്ടത്തിലും ഒരു രൂപ പോലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചിലവഴിച്ചില്ലെന്ന വിവരം പുറത്ത് വന്നതോടെ പ്രതിഷേധം ശക്തമാണ്.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി വരും ദിവസങ്ങളില്‍ ദുരിതാശ്വാസ നിധിയില്‍ നിന്നും ഫണ്ട് ഉപയോഗപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം. കഴിഞ്ഞ മാസം 18വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങള്‍ സംഭാവന ചെയ്തത് 290,98,14,057 രൂപയാണ്. മാര്‍ച്ച് 25നാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചത്.