എസ്എസ്എല്‍സി പരീക്ഷാഫലമറിയാൻ ലിങ്കുകൾ തുറന്നവർ ചെന്ന് കയറിയത് അശ്ലീലസൈറ്റുകളില്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷഫലം അറിയാൻ ആകാംക്ഷയോടെ പരീക്ഷാഭവന്റെ പേരിലുള്ള ലിങ്കുകൾ തുറന്ന കുട്ടികളില്‍ പലരും ചെന്ന് കയറിയത് അശ്ലീലസൈറ്റുകളില്‍. സാമൂഹിക മാധ്യമങ്ങളില്‍ പരീക്ഷ ഫലം അറിയുവാന്‍ ഈ ലിങ്കുകളില്‍ പോകണം എന്ന നിലയിലുള്ള സന്ദേശത്തില്‍ പത്തു സൈറ്റുകളുടെ അഡ്രസാണ് നല്‍കിയിട്ടുള്ളത്. ആദ്യ അഡ്രസില്‍ ഫലം ലഭിക്കാതെ വന്നവര്‍ സന്ദേശത്തിലെ രണ്ടാമത്തെ സൈറ്റില്‍ പോയതോടെയാണ് ഇത്തരം സൈറ്റുകളിലെത്തിയത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതിയുമായി അധ്യാപകരെ സമീപിക്കുകയായിരുന്നു.

രക്ഷിതാക്കളുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. സൈബര്‍ഡോം കോഴിക്കോട് ഒരു അമേരിക്കന്‍ ആസ്ഥാനമായുള്ള വെബ് ഹോസ്റ്റിംഗ് / ഡൊമെയ്ന്‍ നാമത്തിലാണ് വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തി. പരീക്ഷാഭവന്‍ എന്ന വാക്കില്‍ ഒരു അക്ഷരം മാറ്റിയാണ് കൃത്രിമം കാട്ടിയത്. ഈ ലിങ്കില്‍ പോയാല്‍ പരീക്ഷാഫലം അറിയാമെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നൂറ് കണക്കിന് രക്ഷിതാക്കളും കുട്ടികളും ഈ സൈറ്റില്‍ ഫലം തെരഞ്ഞത്.

ഐടി ആക്ട് അനുസരിച്ച് ഇലക്ടോണിക് മാധ്യമങ്ങളില്‍ അശ്ലീല വസ്തുക്കള്‍ പ്രസിദ്ധികരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. കുറ്റക്കാര്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാം. കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരത്തെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിലേക്ക് പരാതി അയച്ചതായും ജില്ലയില്‍ സൈബര്‍ ഡോമിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ സി ശിവപ്രസാദ് പറഞ്ഞു.