ഇസ്ലാമാബാദ്: മുൻ പാകിസ്താൻ താരം ഷാഹിദ് അഫ്രീദി കൊറോണ മുക്തനായി. താനും ഭാര്യയും രണ്ട് മക്കളും വൈറസ് ബാധയിൽ നിന്ന് മുക്തരായ വിവരം അഫ്രീദി തന്നെയാണ് അറിയിച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അഫ്രീദി വിശേഷം പങ്കുവച്ചത്. തങ്ങളുടെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവാണെന്ന് അദ്ദേഹം അറിയിച്ചു.
ജൂൺ 13നാണ് താരത്തിന് രോഗം സ്ഥിരീകരിച്ചത്. ശാരീരികാസ്വാസ്ഥ്യം നേരിടുകയാണെന്നും പരിശോധനയിലാണ് കൊറോണ കണ്ടെത്തിയതെന്നുമായിരുന്നു ട്വീറ്റ്. എല്ലാവരുടേയും പ്രാർത്ഥന ഒപ്പം വേണമെന്നും ട്വീറ്റിൽ കുറിച്ചു. ഷാഹിദ് അഫ്രീദി ഫൗണ്ടേഷൻ എന്ന ജീവകാരുണ്യ സ്ഥാപനത്തിലൂടെ രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് ഷാഹിദ് അഫ്രീദി.
ജൂൺ 18ന് താൻ ഭേദമായി വരികയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങൾ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും പക്ഷേ, ആ അവസ്ഥ മാറിവരികയാണെന്നും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ നോക്കാനും അവരെ ആലിംഗനം ചെയ്യാൻ കഴിയാത്തതുമാണ് ഏറെ വിഷമകരം. അവരെ ഞാൻ മിസ് ചെയ്യുന്നു. പക്ഷേ, നമുക്ക് ചുറ്റുമുള്ളവരെ സുരക്ഷിതരാക്കാൻ ഇങ്ങനെ മുൻകരുതലുകൾ നമുക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.