ഡെല്‍ഹിയില്‍ കൊറോണ ചികിത്സക്കുള്ള പ്ലാസ്മ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ കൊറോണ ബാധിച്ചു ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ചികിത്സക്കായുള്ള പ്ലാസ്മ ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. രോഗികള്‍ക്കായുള്ള പ്ലാസ്മകള്‍ ദാനം ചെയ്യാന്‍ ഏവരും മുന്നോട്ടു വരണമെന്നും സംഭാവനക്കുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്ലാസ്മ ദാനം ചെയ്യാന്‍ യോഗ്യരും സന്നദ്ധരുമായവര്‍ക്ക് ടീമുമായി ബന്ധപ്പെടാമെന്നും ഇതിനായുള്ള യോഗ്യത സ്ഥരീകരിക്കാമെന്നും കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പ്ലാസ്മാ ദാന പ്രക്രിയകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന് നേരിട്ടു വിളിച്ച് അന്വേഷിക്കുന്നതിനായി 1031, വാട്ട്‌സ് ആപ്പ് നമ്പറായ 8800007722 എന്നീ രണ്ടു നമ്പറുകള്‍ അദ്ദേഹം പുറത്തു വിട്ടു. പ്ലാസ്മാ ദാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ ഈ രണ്ടു നമ്പറുകളിലൂടെ ബന്ധപ്പെടമെന്നും യോഗ്യതാ സ്ഥിരീകരണത്തിനു ഡോക്ടര്‍മാര്‍ ഉടനടി ഇവരെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കൊറോണ വൈറസ് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ച 18 നും 60 നും ഇടയില്‍ പ്രയമുളള 50 കിലോയില്‍ കൂടുതല്‍ ഭാരമുള്ള വ്യകതിക്കു പ്ലാസ്മ സംഭാവന ചെയ്യാം.

പ്രസവിച്ച സ്ത്രീകള്‍ക്കോ കേമോര്‍ബിഡിറ്റിയുള്ളവര്‍ക്കോ പ്ലാസ്മ നല്‍കാനാവില്ലെന്നും മാനദണ്ഡങ്ങളില്‍ പറയുന്നു.
തിങ്കളാഴ്ച്ചയാണ് പ്ലാസ്മ ബാങ്ക് തുറക്കുന്നതിനെ കുറിച്ച് കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.വസന്ത്കുഞ്ചിയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ലിവര്‍ ആന്റ് ബിലിയറി സയന്‍സസില്‍ ആണ് ബാങ്ക് ആരംഭിക്കുന്നത്.