ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനിയിൽ ഡേറ്റ ചോര്‍ത്തൽ; മുന്‍ മാനേജരും സഹപ്രവര്‍ത്തകരും അറസ്റ്റില്‍

കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയിലെ ഡേറ്റ ചോര്‍ത്തിയ കേസില്‍ മുന്‍ മാനേജരും സഹ പ്രവര്‍ത്തകരും അറസ്റ്റില്‍. സ്വന്തം കമ്പനിക്ക് ബിസിനസ് നേടിയെടുക്കാനാണ് മുന്‍ മാനേജറുടെ നേതൃത്വത്തില്‍ ഡേറ്റ ചോര്‍ത്തിയതെന്ന് പൊലീസ് പറയുന്നു. കോട്ടയം കൈപ്പുഴ സ്വദേശി സിറിള്‍ റോയ് (30), പറവൂര്‍ കെടാമംഗലം സ്വദേശി എം ജി ജയ്ശങ്കര്‍ (28), കോട്ടയം മണ്ണാര്‍ക്കാട് സ്വദേശി ലിബിന്‍ (34) എന്നിവരെയാണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്‍ഫോപാര്‍ക്കിലെ ഓപ്‌ഷോര്‍ ടാലന്റ് സൊല്യൂഷന്‍സ് കമ്പനി നല്‍കിയ പരാതിയിലാണ് കേസ്. ഓപ്‌ഷോര്‍ ടാലന്റ് സൊല്യൂഷന്‍സ് കമ്പനിയിലെ മാനേജരായിരുന്നു അറസ്റ്റിലായ സിറിള്‍ റോയ്. അവിടെ ജോലി ചെയ്യുമ്പോള്‍ തന്നെ സിറിള്‍ സി ആര്‍ കണ്‍സള്‍ട്ടന്‍സി മെര്‍ലിന്‍ മെന്റര്‍ എന്ന പേരില്‍ സ്വന്തം കമ്പനി തുടങ്ങി ഇതേ ബിസിനസ് ആരംഭിച്ചു. ഓപ്‌ഷോറിന്റെ ക്ലയന്റുകളുടെ വിവരങ്ങള്‍ ചോര്‍ത്തി സ്വന്തം കമ്പനിക്കു വേണ്ടി ഉപയോഗിച്ചു എന്നതാണ് സിറിളിന്റെ പേരിലുളള കുറ്റമെന്ന് പൊലീസ് പറയുന്നു. ഇതേത്തുടര്‍ന്ന് ഓപ്‌ഷോറിന് കരാര്‍ പാലിക്കാന്‍ കഴിയാതെ വരികയും കോണ്‍ട്രാക്ട് നഷ്ടപ്പെടുകയും ചെയ്തു.

കോടികളുടെ നഷ്ടമാണ് ഇതുമൂലം കമ്പനിക്ക് ഉണ്ടായത്. ഓപ്‌ഷോറിന്റെ വിവിധ അക്കൗണ്ടുകളിലെ ഡേറ്റ സിറിള്‍ തന്റെ പേഴ്‌സണല്‍ ഇ-മെയില്‍ അക്കൗണ്ടുമായി സിങ്ക് ചെയ്തായിരുന്നു തട്ടിപ്പ്. ഓപ്‌ഷോറിലെ ജീവനക്കാരായ ജയ്ശങ്കര്‍, ലിബിന്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു ഡേറ്റ ചോര്‍ത്തല്‍ എന്ന് പൊലീസ് പറയുന്നു. സി ആര്‍ കണ്‍സള്‍ട്ടന്‍സിയില്‍ പരിശോധന നടത്തി കംപ്യൂട്ടറുകള്‍ പിടിച്ചെടുക്കുകയായിരുന്നു. പിന്നീട് പ്രതികളെ ജാമ്യത്തില്‍ വിട്ടു.