ജോസ് വിഭാഗത്തോട് യുഡിഎഫ് മ്യദു സമീപനം തുടരുമെന്ന് സൂചന; ലീഗ് മധ്യസ്ഥതതയ്ക്ക്

തിരുവനന്തപുരം: ജോസ് കെ മാണിയെ പുറത്താക്കിയെങ്കിലും യുഡിഎഫ് മ്യദു സമീപനം തുടരുമെന്ന് സൂചന. പൂർണമായും വാതിൽ അടയ്ക്കേണ്ടെന്നാണ് കോൺഗ്രസും ലീഗും പറയുന്നത്. നടപടിക്കും ശേഷം ആദ്യമായി ചേരുന്ന യുഡിഎഫ് നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്യും.

യുഡിഎഫ് ആവശ്യപ്പെട്ടാൽ സമവായ ചർച്ചക്ക് തയ്യാറാണെന്ന് ലീഗും പറഞ്ഞ സാഹചര്യത്തിൽ മുന്നണി എടുക്കുന്ന തീരുമാനം പ്രധാനമാണ്. ജോസിൻ്റെ താൻ പ്രമാണിത്തം അവസാനിപ്പിക്കാൻ നടപടി ആവശ്യമായിരുന്നെങ്കിലും സമവായ ചർച്ച വേണമെന്ന അഭിപ്രായത്തിലാണ് കോൺഗ്രസ്.

കോട്ടയം ജില്ലാ പഞ്ചായത്തിൽ അവിശ്വാസപ്രമേയം തൽക്കാലം വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ജോസ് കെ മാണിയെ പുറത്താക്കിയ സാഹചര്യത്തിൽ ജോസഫും അവിശ്വാസത്തിന് നിർബന്ധം പിടിക്കാനിടയില്ല.

അതേ സമയം കഴിഞ്ഞ ദിവസം കെഎം മാണിയുടെ മരണശേഷം കേരള കോൺഗ്രസിനെ പിജെ ജോസഫ് ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചുവെന്ന് ജോസ് കെ മാണി എംപി ആരോപിച്ചു. പിജെ ജോസഫിന് രാഷ്ട്രീയ അഭയം നൽകുകയാണ് കെഎം മാണി ചെയ്തത്. അത് തെറ്റായിപ്പോയി. കെഎം മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമാണ് യുഡിഎഫിന്റേത്. കേരള കോൺഗ്രസിനെ സംരക്ഷിക്കാൻ ശ്രമിച്ചതാണോ താൻ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചിരുന്നു.