മുംബൈ: മഹാരാഷ്ട്രയിൽ കൊറോണ വൈറസ് ബാധിച്ച കൗമാരക്കാരിൽ കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടത് ആശങ്കയ്ക്കിടയാക്കി. ചർമത്തിൽ തിണർപ്പോടു കൂടിയ കടുത്ത പനിയാണു കാവസാക്കിയുടെ പ്രധാന സൂചന. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും.
യുഎസ് ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ കൊറോണ ബാധിച്ച കുട്ടികളിൽ കാവസാക്കി ലക്ഷണം കണ്ടിരുന്നെങ്കിലും ഇന്ത്യയിൽ ആദ്യമാണ്. മുംബൈയിൽ കൊറോണ ബാധിതയായ പതിനാലുകാരിയെ ഇതേ തുടർന്ന് ഐസിയുവിലേക്കു മാറ്റി.
അതേസമയം മഹാരാഷ്ട്രയിൽ കൊറോണ രോഗികൾ 1,64,626 ആയി. ഏഴു ദിവസത്തിനിടെ മാത്രം 31,501 പേർക്കാണ് രോഗം. ഇന്നലെ സ്ഥിരീകരിച്ചത് 5,493 പേർക്ക്. 1,208 പേരാണ് ഒരാഴ്ചയ്ക്കിടെ മരിച്ചത്. ഇന്നലെ മരണം 56. ആകെ മരണം 7,393. കൊറോണ ബാധിച്ചു മരിച്ച പൊലീസുകാരുടെ എണ്ണം 57 ആയി.