കൊറോണക്കാലത്തെ പരീക്ഷ; ഹൈക്കോടതി വിമർശിച്ചു; സ്പെഷ്യൽ പരീക്ഷകൾ നടത്താൻ നിർദേശം

തിരുവനന്തപുരം: കൊറോണ ഭീഷണി അതി രൂക്ഷമായ സാഹചര്യത്തിലും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള കേരള യൂണിവേഴ്സിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ വിമർശനം. തിരുവനന്തപുരത്തടക്കം ഹോട്ട്സ്പോട്ടുകളും കണ്ടൈൻമെന്റ് സോണുകളും നിലനിൽക്കേ പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോയ കേരള സർവകലാശാല തീരുമാനത്തിനെതിരെ ലോ അക്കാദമി ലോ കോളേജിലെ വിദ്യാർത്ഥികൾ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ക്രമീകരണങ്ങൾ നടത്തണമെന്നാണ് പരാമർശം.

ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ മറ്റ് ജില്ലകളിൽ നിന്നും പരീക്ഷ എഴുതാനായി വിദ്യാർത്ഥികൾക്ക് എത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ലോ അക്കാദമി ലോ കോളജിലെ വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. വിദ്യാർഥികളുടെ സുരക്ഷയാണ് പ്രധാനമെന്നും സ്പെഷ്യൽ പരീക്ഷ നടത്തണമെന്നും കോടതി പറഞ്ഞു. ഇപ്പോൾ പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് നിലവിൽ പരീക്ഷാ ഫീസ് അടച്ചിട്ട ഉണ്ടെങ്കിൽ സ്പെഷ്യൽ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നും കോടതി പറഞ്ഞു. നിയമ വിദ്യാർഥികൾക്കായി ഹാജരായ അഡ്വ ആദിത്യൻ ഏഴപ്പള്ളിയുടെ വാദങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതി വിധി.

അതേ സമയം എ.പി.ജെ. അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ജൂലൈ ഒന്നു മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. വിദ്യാർഥികളും രക്ഷിതാക്കളും നൽകിയ പരാതി പരിഗണിച്ചാണ് നടപടി. പരീക്ഷയുടെ കാര്യത്തിൽ തുടർ നടപടികൾ അക്കാഡമിക് കമ്മിറ്റി പരിഗണിക്കും.

കൊറോണ വ്യാപനപശ്ചാത്തലത്തിൽ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും, രക്ഷകർത്താക്കളും, വിവിധ വിദ്യാർഥിസംഘടനകളും പരാതിയുമായി രംഗത്തെത്തിയിരുന്നു. കൊറോണ കേസുകൾ കൂടുന്നതിനാൽ പരീക്ഷകൾ റദ്ദാക്കണം എന്നായിരുന്നു ആവശ്യം.

തുടർന്ന് പ്രൊ വൈസ് ചാൻസലർ ഡോ.എസ്. അയൂബിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് രാവിലെ കൂടിയ സിന്റിക്കേറ്റിന്റെ പരീക്ഷാ സ്റ്റാൻഡിങ് കമ്മിറ്റിയാണ് പരീക്ഷകൾ മാറ്റിവയ്ക്കുവാൻ തീരുമാനിച്ചത്. പരീക്ഷകളുടെ കാര്യം അക്കാദമിക് കമ്മിറ്റിയുടെ പരിഗണയ്ക്കായി സമർപ്പിക്കുവാനും തീരുമാനിച്ചു.

മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ വിലയിരുത്തലുകളും അടിസ്ഥാനത്തിൽ അവസാന ഫലം തയ്യാറാക്കാവുന്നതേയുള്ളൂ എന്നാണ് വിദ്യാർത്ഥികളുടെ വാദം. പരീക്ഷയ്ക്ക് എത്താൻ കഴിയാത്തവർക്കായി ഒക്ടോബറിൽ പരീക്ഷ നടത്താമെന്നും സർവകലാശാല നേരത്തെ അറിയിച്ചിരുന്നു. ഹോസ്റ്റൽ അടച്ചതിനാൽ ദൂര സ്ഥലങ്ങളിൽ നിന്നുള്ള വിദ്യാർഥികളിൽ പലർക്കും സ്വന്തം കോളേജുകളിൽ എത്താൻ കഴിയാത്ത സ്ഥിതിയുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ ഉള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോയ വിദ്യാർഥികളും നിരവധി. ഇവർ മടങ്ങിയെത്തിയാലും നിരീക്ഷണത്തിൽ കഴിയണം. ഇതെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

കോളേജുകൾ സ്വന്തം നിലയിൽ വിദ്യാർഥികൾക്ക് പരീക്ഷ നടത്തി ആ പരീക്ഷയുടെ മാർക്കും മുൻ സെമസ്റ്ററുകളുടെ മാർക്കും ക്രമീകരിച്ച് അന്തിമഫലം നിശ്ചയിക്കാൻ നേരത്തെ ആലോചിച്ചെങ്കിലും അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു.

ഇന്ന് ചേർന്ന യോഗത്തിൽ സിന്റിക്കേറ്റ് അംഗങ്ങളായ പ്രൊഫ. പി.ഓ.ജെ. ലബ്ബ, ഡോ.സി.സതീഷ്കുമാർ, ഡോ.ജി.വേണുഗോപാൽ എന്നിവർ പങ്കെടുത്തു