ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 508,953 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കി. കൊറോണ കേസുകളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തി. 18,552 പേർക്കാണ് പുതുതായി കൊറോണ വൈറസ് ബാധയുണ്ടായത്.
മരണസംഖ്യ 15,685 ആയി ഉയർന്നു. എന്നാൽ ആകെ രോഗബാധിതരിൽ 2,85,637 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 1,89,463 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്. രോഗമുക്തി നിരക്ക് നിലവിൽ 58.24 ശതമാനമായി ഉയർന്നു.
ആകെ രോഗികളുടെ 62.85 ശതമാനവും റിപ്പോർട്ട് ചെയതത് ഈ മാസമാണ്. അതേസമയം, മഹാരാഷ്ട്ര, ദില്ലി, തമിഴ്നാട് സംസ്ഥാനങ്ങളിൽ രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്.. രാജ്യത്തെ ആകെ രോഗികളുടെ അൻപത്തിയൊമ്പത് ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ മാത്രം ഇതുവരെ ഒന്നര ലക്ഷം പേർക്ക് രോഗം വന്നു. ദില്ലിയിൽ പരിശോധനകൾ കൂട്ടിയതോടെ ദിവസേന മൂവായിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗവ്യാപന തോത് കണ്ടെത്താൻ ഡെൽഹിയിൽ ഇന്ന് മുതൽ സിറോ സർവ്വേക്ക് തുടക്കമാകും. വീടുകൾ തോറും പരിശോധന ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സർക്കാർ അറിയിച്ചു.