കൊച്ചി: കൊച്ചിയിൽ നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത സംഘത്തെ നിയന്ത്രിക്കുന്നത് ഒരു സ്ത്രീയാണെന്ന് വെളിപ്പെടുത്തൽ. ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സുന്ദരികളായ യുവതികളെ “കമാൻ്റ് ” ചെയ്തിരുന്നത് ഒരു സ്ത്രീയാണ്. പിടിയിലായ സംഘാഗങ്ങളുടെ ഫോണിൽ നിന്നും വീഡിയോ ചാറ്റ് വഴിയാണ് ഇവർ യുവതികളെ നിയന്ത്രിച്ചിരുന്നത്. ഇവർ സ്വന്തം ഫോണിൽ നിന്നും ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും യുവതികൾ വെളിപ്പെടുത്തി.
അതേസമയം പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്ന് തുടങ്ങും. കേസിലെ മുഖ്യപ്രതി റെഫീഖ് ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം ജില്ലാ കോടതി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പരാതിക്കാരായ പെൺകുട്ടികളിൽ ഒരാൾ പ്രതികൾക്കെതിരെ ലൈംഗിക പീഡനനത്തിന് മൊഴി നൽകിയിട്ടുണ്ട്.
കൂടുതൽ പെൺകുട്ടികളെ പ്രതികൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ, നടി ഷംന കാസിമിനെ കല്ല്യാണ തട്ടിപ്പിൽ പെടുത്തിയതിലുള്ള പണമിടപാട് ബന്ധങ്ങളെ കുറിച്ചും ഇന്നത്തെ ചോദ്യം ചെയ്യലിൽ പൊലീസ് വ്യക്തത വരുത്തും. സ്വർണ്ണക്കടത്ത് ആരോപണങ്ങളിലും പ്രതികളെ ചോദ്യം ചെയ്യും. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ കൂടാതെ കേസിൽ പങ്കുള്ള അബ്ദുൽ സലാം, അബൂബക്കർ എന്നീ രണ്ട് പേർ കൂടി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.
വാടാനപ്പള്ളി സ്വദേശി അബൂബക്കർ ആണ് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ദുബൈയിൽ ഉള്ള വരൻ അൻവറിന്റെ അച്ഛനെന്ന വ്യാജേന നടിയുടെ വീട്ടിലെത്തിയത് അബൂബക്കർ ആയിരുന്നു. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി റഫീഖിന്റെ ബന്ധുവാണ് അബൂബക്കർ. തൃശ്ശൂർ സ്വദേശി അബദുൾ സലാമിനെ കോടതിയിൽ കീഴടങ്ങാനെത്തിയപ്പോളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഷംന കാസിമിന്‍റെ വീട്ടിൽ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബദുൾ സലാമും ഉൾപ്പെട്ടിരുന്നു.
കേസിൽ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്. മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം, വീടും പരിസരവും വീഡിയോയിൽ പകർത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാൽ കേസിൽ കൂടുതൽ പേർ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. ഷംനാ കാസിമിന്‍റെ പരാതി പുറത്തുവന്നതിന് പിന്നാലെ യുവമോഡൽ അടക്കമുള്ളവർ പരാതിയുമായി വീണ്ടും രംഗത്തെത്തിയിരുന്നു. ഈ രണ്ട് കേസുകളിലുമായി പത്ത് പ്രതികളാണുള്ളതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതികൾ സ്വർണമാല, പണം എന്നിവ കൈക്കലാക്കിയെന്നും യുവതികൾ പരാതിപ്പെട്ടിരുന്നു. നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിലെ പ്രതികൾ വൻ സ്വർണ്ണക്കടത്ത് സംഘമാണെന്നായിരുന്നു യുവമോഡലിന്‍റെ വെളിപ്പെടുത്തൽ. തട്ടിപ്പ് സംഘം എട്ട് ദിവസം മുറിയിൽ പൂട്ടിയിട്ട് മാനസികമായി പീഡിപ്പിച്ചെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകി.