എരുമ പ്രസവിച്ചു; അവധിയ്ക്ക് അപേക്ഷിച്ച് പോലീസുകാരൻ

ഭോപ്പാൽ: വ്യത്യസ്തമായ ലീവ് അപേക്ഷയുമായി ഒരു പോലീസുകാരൻ. മധ്യപ്രദേശിലെ പോലീസുകാരന്റെ അവധിക്കുള്ള അപേക്ഷ ഇപ്പോള്‍ വൈറലായിരിക്കുകുയാണ്. അവധിക്കുള്ള കാരണമാണ് ഏറ്റവും വിചിത്രമായത്. വീട്ടിലെ എരുമയെ നോക്കാനാളില്ലെന്ന് പറഞ്ഞാണ് ഈ പൊലീസുകാരന്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്.

അവധിക്കുള്ള അപേക്ഷയിൽ പോലീസുകാരൻ പറഞ്ഞിരിക്കുന്ന ആവശ്യം ഇങ്ങനെയാണ്. “കഴിഞ്ഞ രണ്ടു മാസമായി അമ്മയ്ക്ക് നല്ല സുഖമില്ല. എനിക്ക് വീട്ടില്‍ ഒരു എരുമ കൂടിയുണ്ട്. ഈ അടുത്ത ദിവസമാണ് അവള്‍ പ്രസവിച്ചത്. അവളെ നോക്കാനോ ശ്രുശ്രൂഷിക്കാനോ വീട്ടില്‍ വേറെയാരുമില്ലെന്നും അതിനാല്‍ തനിക്ക് ആറുദിവസത്തെ ലീവ് അനുവദിക്കണം.” എന്നാണ് പൊലീസുകാരന്‍റെ അപേക്ഷയിലുള്ളത്.

മധ്യപ്രദേശിലെ സ്‌പെഷ്യല്‍ ആംഡ് ഫോഴ്‌സിലെ കോണ്‍സ്റ്റബിളാണ് ലീവില്‍ പോകാന്‍ ഇത്തരമൊരു അപേക്ഷ നല്‍കിയത്. ഇപ്പോള്‍ പൊലീസ് ഡ്രൈവറായാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ആറ് ദിവസത്തെ അവധിയ്ക്കാണ് ഈ പൊലീസുകാരന്‍ അപേക്ഷിച്ചിട്ടുള്ളത്.

“‌അവള്‍ നല്‍കിയ പാല്‍ കുടിച്ചാണ് ഞാന്‍ റിക്രൂട്ട്‌മെന്‍റിന് തയ്യാറെടുത്തത്. ഇപ്പോള്‍ അവള്‍ക്ക് പ്രത്യുപകാരം ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചിരിക്കുന്നത്”എന്നും അപേക്ഷയിലുണ്ട്. അതേസമയം അവധി അപേക്ഷയെ അതിന്‍റേതായ ഗൗരവത്തില്‍ തന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്നും അവധി നല്‍കുമെന്നും മേലുദ്യോഗസ്ഥന്‍ വ്യക്തമാക്കി.