എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 30 ന് പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷകളുടെ മൂല്യം നിര്‍ണയം കഴിഞ്ഞതിനാല്‍ പരീക്ഷാഫലം ജൂണ്‍ 30 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷാ ഫലം പ്രഖ്യാപിക്കാനുള്ള നടപടികള്‍ പരീക്ഷാഭവന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിരുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ മൂല്യനിര്‍ണയം വൈകിയതാണ് ഫലപ്രഖ്യാപനം വൈകാന്‍ കാരണം.

മൂല്യ നിര്‍ണയം പൂര്‍ത്തിയായതുകൊണ്ട് പരീക്ഷാഫലങ്ങള്‍ വൈകാതെ പ്രഖ്യാപിക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനം. പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാത്തതിനാല്‍ എസ്.എസ്.എല്‍.സി. ഫലങ്ങള്‍ പുറത്തു വിട്ടു പ്ലസ് വണ്‍ പ്രവേശത്തിനുള്ള നടപടികള്‍ തുടങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജൂലൈ ആദ്യ വാരത്തോടു കൂടി പ്ലസ്‌വണ്‍ പ്രവേശനം ആരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്കു പരീക്ഷാ ഭവന്‍ നിര്‍ദേശം നല്‍കി.