കൊച്ചി: സംഗീതജ്ഞനും നടനുമായ പാപ്പുക്കുട്ടി ഭാഗവതര്‍ അന്തരിച്ചു. 107 വയസായിരുന്നു. എറണാകുളം പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. കേരള സൈഗാൾ എന്നാണ് പാപ്പുക്കുട്ടി ഭാഗവതര്‍ അറിയപ്പെട്ടിരുന്നത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള ശാരിരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
തന്റെ ഏഴാമത്തെ വയസില്‍ വേദമണി എന്ന സംഗീതനാടകത്തിലൂടെയാണ് ഇദ്ദേഹം അരങ്ങിലെത്തിയത്. 1913 മാര്‍ച്ച് 29ന് കൊച്ചി വൈപ്പിന്‍കരയില്‍ മൈക്കിള്‍-അന്ന ദമ്പതികളുടെ മകനായാണ് പാപ്പുക്കുട്ടി ഭാഗവതര്‍ ജനിച്ചത്. ഏഴാമത്തെ വയസ്സില്‍ വേദമണി എന്ന സംഗീത നാടകത്തില്‍ ബാലനടനായി അഭിനയിച്ചുകൊണ്ടാണ് കലാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍റെ മിശിഹാചരിത്രം എന്ന നാടകത്തില്‍ യേശുദാസിന്‍റെ അച്ഛന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം മഗ്ദലന മറിയത്തെ അവതരിപ്പിച്ച ഭാഗവതര്‍ പിന്നീട് ഇതേ നാടകത്തില്‍ സ്നാപക യോഹന്നാനെയും അവതരിപ്പിച്ച് ജനശ്രദ്ധ നേടി. തുടര്‍ന്ന് മുപ്പത്തിയേഴോളം നാടകങ്ങളില്‍ അഭിനയിച്ചു.
മായ, സമത്വം സ്വാതന്ത്ര്യം, തെരുവുതെണ്ടി, കമ്യൂണിസ്റ്റ് അല്ല, ഭാഗ്യചക്രം, ഇണപ്രാവുകള്‍, ചിരിക്കുന്ന ചെകുത്താന്, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങി നിരവധി നാടകങ്ങളിലായി പതിനയ്യായിരം വേദികളില്‍ നാടകം അവതരിപ്പിച്ചിട്ടുണ്ട്. ഇരുപത്തഞ്ചോളം സിനിമകളിലും അഭിനയിച്ചു. ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍റെ ‘മിശിഹാചരിത്ര’ത്തില്‍ മഗ്ദലന മറിയത്തിന്റെ വേഷമിട്ടാണ് പ്രൊഫഷണല്‍ നടനാവുന്നത്. 2010ല്‍ ദിലീപ് നായകനായ “മേരിക്കുണ്ടൊരു കുഞ്ഞാട്’ എന്ന സിനിമയിലാണ് അദ്ദേഹം അവസാനമായി പിന്നണി പാടിയത്. നടന് മോഹന്‍ജോസ്, സംവിധായകന് കെ.ജി. ജോര്‍ജിന്റെ ഭാര്യയയും ഗായികയുമായ സെല്‍മ, സാബു ജോസ് എന്നിവര്‍ മക്കളാണ്.
പാപ്പുക്കുട്ടി നൂറാംവയസില്‍ കച്ചേരി നടത്തി ലിംക ബുക്ക് ഒാഫ് റെക്കോര്‍ഡ്സിലും ഇടം നേടി പ്രായത്തെ ഇതുവരെ പാട്ടുകൊണ്ടതി ജീവിച്ചു പാപ്പുക്കുട്ടി ഭാഗവതര്‍.
പ്രായംമറന്നു പാടിയ ഭാഗവതര്‍ നൂറാം വയസിനെ അവിസ്മരണീയമാക്കിയത് കൊച്ചിക്കാര്‍ക്ക് മുമ്പില്‍ കച്ചേരി നടത്തിയായിരുന്നു. പ്രസന്നയില്‍ തുടങ്ങി വൈസ്ചാന്‍സിലര്‍ വരെ നീളുന്ന 25 സിനിമകള്‍ . ഇതിനിടെ സത്യനും നസീറിനും വേണ്ടി ഒട്ടേറെ സിനിമകളില്‍ പാടി. ഒരുകാലത്ത് അഭിനയവും പിന്നെ പാട്ടും കൂട്ടാക്കി ഭാഗവര്‍ ഇതുവരെ മലയാളികളെ രസിപ്പിച്ചുകൊണ്ടേയിരുന്നു.
മുട്ടത്തുവര്‍ക്കിയുെട പാടാത്തപൈങ്കിളി കഥാപ്രസംഗരൂപത്തിലാക്കി 250 വേദികളില്‍ അവതരിപ്പിച്ചു. സംഗീതനാടക അക്കാദമി അവാര്‍ഡും ഫെലോഷിപ്പുമടക്കം ഒട്ടേറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.