കശ്‍മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് രാംപൂരിൽ പാക് വെടിവയ്പ്; നാലു പേർക്ക് പരിക്ക്

കശ്‍മീര്‍: കശ്‍മീരില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ബാരാമുള്ളയിലെ രാംപൂരിലാണ് കരാര്‍ ലംഘനം നടന്നത്. പാക് വെടിവെപ്പില്‍ നാല് നാട്ടുകാർക്ക് പരിക്കുപറ്റിയിട്ടുണ്ട്. സൈന്യം തിരിച്ചടിക്കുകയാണ്. ഈ വര്‍ഷം ഇതുവരെ 2027 തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം ജമ്മുകശ്മീരിലെ കത്വാ ജില്ലയിലെ ഹരിനഗര്‍ സെക്ടറില്‍ ഇന്ത്യ രാവിലെ വെടിവച്ചിട്ട പാക് ഡ്രോണിൽ ആയുധങ്ങളും കണ്ടെത്തി. അതിര്‍ത്തി സംരക്ഷണ സേനയാണ് പാകിസ്ഥാന്‍ ഡ്രോണ്‍ വെടിവെച്ച് വീഴ്‍ത്തിയത്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്നും 250 മീറ്റർ ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോൺ സഞ്ചരിച്ചതിനെ തുടർന്നാണ് വെടി വച്ചിട്ടത്. രാവിലെ 5.10 ഓടെയായിരുന്നു സംഭവം. ഒന്‍പത് റൗണ്ട് വെടിയുതിര്‍ത്തതിന് ശേഷമാണ് ഡ്രോണ്‍ തകര്‍ന്ന് താഴെ വീണത്.

ഒരു എം 4 യുഎസ് നിര്‍മ്മിത തോക്ക്, രണ്ട് മാഗസീനുകള്‍, 60 റൗണ്ട് വെടിയുണ്ടകള്‍, ഏഴ് ഗ്രനേഡുകള്‍ എന്നിവയാണ് ഡ്രോണില്‍ നിന്നും കണ്ടെടുത്തത്. നേരത്തെ രജൗരിയിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. പ്രദേശത്ത് പട്രോളിംഗ് ശക്തമാക്കിയതായി സുരക്ഷ സേന അറിയിച്ചു.