സ്വര്‍ണത്തിന് റെക്കോര്‍ഡ് വില; പവന് 35400 ₹

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയരുന്നു. സംസ്ഥാനത്തെ റെക്കോര്‍ഡ് വിലയിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. പവന് 160 രൂപ കൂടി 35400 രുപയാണ് നിലവിലെ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4425 രൂപയായി ഉയര്‍ന്നു. വെള്ളിയാഴ്ച്ചയോടെ പവന് 120 രൂപ കൂടി 35240 രൂപയായി ഉയര്‍ന്നിരുന്നു. ഈ വര്‍ഷം മാത്രം സ്വര്‍ണത്തിനു 6400 രൂപയുടെ വര്‍ധനവുണ്ടായിട്ടുണ്ട്.

കൊറോണ പ്രതിസന്ധിയും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വിലവര്‍ധനക്കു കാരണം. ഈ മാസം ഇത് അഞ്ചാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ജൂണ്‍ പതിനൊന്നിനാണ് ആദ്യമായി കേരളത്തില്‍ റെക്കോര്‍ഡ് വിലയായി പവന് 35120 രൂപ രേഖപ്പെടുത്തിയത്.