ന്യൂഡെല്‍ഹി: യഥാര്‍ഥ നിയന്ത്രണ രേഖയ്ക്കിപ്പുറത്തേക്കു കടന്നുകയറി ചൈനീസ് സൈന്യം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായതെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതു തടയുന്നതിനിടയിലാണ് ഇരുപത് ഇന്ത്യന്‍ സേനാംഗങ്ങള്‍ക്ക് ജീവന്‍ നഷ്ടമായതെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ മണ്ണിലേക്ക് ആരും അതിക്രമിച്ചു കയറിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
ഇന്ത്യന്‍ മണ്ണിലേക്ക് ആരും കടന്നുകയറിയിട്ടില്ലെന്നും ഒരു പോസ്റ്റും നഷ്ടമായിട്ടില്ലെന്നുമാണ് ഇന്നലെ സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞത്. അങ്ങനെയാണെങ്കില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് എങ്ങനെയാണ് ജീവന്‍ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരാഞ്ഞിരുന്നു. സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തെ ഒരു വിഭാഗം തെറ്റായി വ്യാഖ്യാനിക്കുകയാണന്ന് സര്‍ക്കാര്‍ വിശദീകരണക്കുറിപ്പില്‍ പറഞ്ഞു.
നിയന്ത്രണ രേഖയ്ക്കിപ്പുറം ഇന്ത്യന്‍ മണ്ണില്‍ ഇപ്പോള്‍ ചൈനീസ് സൈനികര്‍ ഇല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്. നമ്മുടെ സൈനികരുടെ ധീരത കൊണ്ടാണ് അതു സാധ്യമായത്. നിയന്ത്രണരേഖയ്ക്കിപ്പുറം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള ചൈനീസ് സേനയുടെ ശ്രമം ബിഹാര്‍ റെജിമെന്റിലെ സൈനികര്‍ തടയുകയാണ്. അവരുടെ രക്തസാക്ഷിത്വം ആ ശ്രമത്തെ പരാജയപ്പെടുത്തി, ചൈനീസ് പട്ടാളത്തെ അവര്‍ തുരത്തി. ഇതു സുവ്യക്തമായി പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്ന് കുറിപ്പ് ചൂണ്ടിക്കാട്ടുന്നു. അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ ഒരു വീഴ്ചയും സേനയ്ക്കു സംഭവിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് ഇന്ത്യയുടെ ഭൂപടത്തില്‍നിന്നു വ്യക്തമാണ്. അതു സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നിലവില്‍ ഇന്ത്യന്‍ മണ്ണില്‍ അന്യായമായ ഒരു നിര്‍മിതിയും ഇല്ല. സൈനികർ ധീരമായി രാജ്യത്തെ സംരക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ കരുത്തു കെടുത്തും വിധം വിവാദങ്ങളുണ്ടാവുന്ന നിര്‍ഭാഗ്യകരമാണ്. എന്നാല്‍ സര്‍ക്കാരിനും സൈന്യത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണ് സര്‍വകക്ഷിയോഗം ചെയ്തിട്ടുള്ളത്. ഇന്ത്യയുടെ ഈ ഐക്യം തെറ്റായ പ്രചാരണത്തില്‍ ഉലയില്ലെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.