ന്യുഡെൽഹി: റിലയൻസ് ഇൻഡസ്ട്രിസ് കടരഹിതമായി മാറി. കഴിഞ്ഞ ഏതാനും ആഴ്ചകൾ കൊണ്ട് 1.69 ലക്ഷം കോടി രൂപ സമാഹരിച്ചാണ് റിലയൻസ് നേട്ടം കൈവരിച്ചതെന്ന് മുകേഷ് അംബാനി അറിയിച്ചു. കൊറോണ വ്യാപന സമയത്തെ 58 ദിവസം കൊണ്ടാണ് റിലയൻസ് ഇൻഡസ്ട്രിസ് 1,68,818 കോടി രൂപ
സമാഹരിച്ചത് . 2021 മാർച്ച് 31 ഓടെ റിലയൻസിനെ കടരഹിത കമ്പനി ആക്കി മാറ്റുമെന്ന മുകേഷ് അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ ഒമ്പതു മാസം മുമ്പ് യാഥാർത്ഥ്യമായത്.
2021 മാർച്ച് 31 ലെ യഥാർത്ഥ ഷെഡ്യൂളിന് വളരെ മുമ്പുതന്നെ റിലയൻസ് കടരഹിതമാക്കി ഓഹരി ഉടമകളോടുള്ള വാഗ്ദാനം നിറവേറ്റിയെന്ന് അദ്ദേഹം അറിയിച്ചു.
ജിയോ പ്ലാറ്റ്ഫോംവഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഇൗ കാലയളവിൽ കമ്പനി സമാഹരിച്ചത്.
ഫേസ്ബുക്ക്, സിൽവർലേയ്ക്ക്, വിസ്റ്റ ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നീ കമ്പനികളിൽനിന്നായി ജിയോ പ്ലാറ്റ്ഫോം 1,15,693.95 കോടി രൂപ സമാഹരിച്ചു.
2020 മാർച്ച് 31ലെ കണക്കുപ്രകാരം 1,61,035 കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ കടം . വിദേശനിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുൾപ്പടെ ചുരുങ്ങിയ കാലയളവിൽ ഒരു കമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത് രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലാദ്യമായാണ്. ബി എസ് ഇ സൂചികയിൽ കമ്പനി ഓഹരികൾ 1.30 ശതമാനം ഉയർന്നു.