ചൈനീസ് മൊബൈൽ കമ്പനി വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ല; ബിസിസിഐ

ന്യൂഡെൽഹി: ചൈനീസ് മൊബൈൽ ഫോൺ കമ്പനിയായ വിവോയുമായുള്ള കരാർ ഐപിഎൽ റദ്ദാക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസർ ആണ് വിവോ.
ഇന്ത്യ- ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉപകരണങ്ങൾ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന് പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ ഉള്ള സ്പോൺസർഷിപ് ഇപ്പോൾ നിലനിൽക്കുന്നുണ്ട് എന്നും സർക്കാർ ആവശ്യപ്പെട്ടാൽ ഇത് അവസാനിപ്പിക്കാൻ മടിയില്ലെന്നും
ബിസിസിഐ ട്രഷറർ അരുൺ ധുമാൽ അറിയിച്ചു.
വരും വർഷങ്ങളിൽ രാജ്യ താൽപര്യം നോക്കിയേ ഐ.പി.എൽ പോലുള്ള ടൂർണമെന്റുകളിൽ സ്പോൺസർഷിപ് സ്വീകരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ മുൻഗാമികൾ ആണ് കരാർ ഒപ്പിട്ടതെന്നും അഞ്ച് വർഷത്തേക്കുള്ള കരാർ
2022 വരെയാണ് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2017 ജൂലൈയിൽ ആണ് 2199 കോടി രൂപയുടെ ഇടപാടിൽ അഞ്ചു വർഷ ത്തേക്ക്‌ വിവോ ഐപിഎൽ. ടൈറ്റിൽ അവകാശം നേടിയത്.

സ്പോൺസർഷിപ് വരുമാനമായി ലഭിക്കുന്ന 219
കോടി രൂപയുടെ 42 ശതമാനം പണവും നികുതിയായി ഇന്ത്യാ സർക്കാരിനാണ്. ഇവിടെ നിന്ന് ലഭിക്കുന്ന പണം ഇവിടെ തന്നെ തുടരുന്നുണ്ട് എന്നും അത് കൊണ്ട് തന്നെ ചൈനയെ അല്ല സ്പോൺസർഷിപ്പിലൂടെ ഇന്ത്യയെ ആണ് അവർ പിന്തുണയ്ക്കുന്നത് എന്നും അരുൺ ദുമാൽ പറഞ്ഞു.
അതേ സമയം ഇന്ത്യ ചൈനീസ് ഉപകരണങ്ങൾ നിരോധിക്കാൻ തീരുമാനിച്ചാൽ സ്പോൺസർഷിപ് റദ്ദാക്കാൻ മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.