ന്യൂഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷം നിലനില്‍ക്കെ അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ഇന്ത്യ. ലഡാക്കിലും ലേയിലുമാണ് ഇന്ത്യ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും വിന്യസിച്ചത്. വ്യോമസേന മേധാവി ആര്‍കെഎസ് ബധുരിയയും ലഡാക്ക് സന്ദര്‍ശിച്ചു. ലേ, ശ്രീനഗർ വ്യോമ താവളങ്ങളും അദ്ദേഹം സന്ദർശിക്കും. കിഴക്കൻ ലഡാക്ക് മേഖലയിൽ എന്തെങ്കിലും സൈനിക നീക്കങ്ങൾ നടത്തണമെങ്കിൽ ഈ വ്യോമതാവളങ്ങൾ കേന്ദ്രീകരിച്ചാണ് അവ നടപ്പാക്കുക.
20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ചൈനയ്ക്കെതിരായി സൈനിക നടപടിയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു ബധുരിയയുടെ സന്ദർശനം. പെട്ടെന്നൊരു സൈനിക നടപടി ആവശ്യമായാൽ അതിനുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനാണു വ്യോമസേനാ മേധാവി കിഴക്കൻ ലഡാക്കിലേക്കു സന്ദർശനം നടത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പ്രകോപനം തുടരുന്നതിനിടെ അതിർത്തിയിൽ ചൈന 10,000ത്തിലധികം സൈനികരെയാണു വിന്യസിച്ചിരിക്കുന്നതെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനിലുണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. അതിര്‍ത്തി കൈവശമാക്കാന്‍ ചൈനയുടെ സൈനികര്‍ ശ്രമിച്ചതിനെത്തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. വെടിവയ്പ് ഉണ്ടായില്ല. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഒരു മാസത്തിലേറെയായി സംഘര്‍ഷഭരിതമായിരുന്ന കിഴക്കന്‍ ലഡാക്കിലെ സ്ഥിതി ഇതോടെ വഷളായി.
ഇരുപക്ഷവും കിഴക്കന്‍ ലഡാക്കില്‍ വലിയ സന്നാഹം ഒരുക്കിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യ യുദ്ധവിമാനങ്ങളും അതിര്‍ത്തിയില്‍ വിന്യസിച്ചത്. സുഖോയ്–30 എംകെഐ, മിറാഷ് 2000, ജാഗ്വർ യുദ്ധവിമാനം തുടങ്ങി ഇന്ത്യയുടെ മുന്തിയ യുദ്ധവിമാനങ്ങൾ ഇവിടേക്കു മാറ്റിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ നിർദേശം ലഭിച്ചാല്‍പോലും ആക്രമണം നടത്തുന്നതിനു വേണ്ടിയാണിത്. ലഡാക്ക് മേഖലയിൽ കരസേനയെ പിന്തുണയ്ക്കുന്നതിനായി അമേരിക്കൻ അപ്പാഷെ അറ്റാക്ക് ഹെലിക്കോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന കനത്ത ജാഗ്രത തുടരുകയാണ്. ബോഡി പ്രോട്ടക്ടീവ് സ്യൂട്ടുകളും ബാറ്റണുകളുമായി കൂടുതല്‍ സൈന്യത്തെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചൈനീസ് സൈന്യം കമ്പിവടികളും കല്ലുകളും മറ്റും ഉപയോഗിച്ച് ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാകവചങ്ങളോടെ സൈന്യത്തെ വിന്യസിച്ചത്.
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ അഭിജിത് ബപട്ടും അതേ റാങ്കിലുള്ള ചൈനീസ് സൈനിക ഉദ്യോഗസ്ഥനുമായി വ്യാഴാഴ്ച മൂന്നാം വട്ട ചര്‍ച്ച നടത്തിയിരുന്നു. മെയ് അഞ്ച് മുതല്‍ ഇരുസൈന്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ജൂണ്‍ 15 നാണ് ഏറ്റവും രൂക്ഷമായത്. നിയന്ത്രണരേഖയിലെ സംഘര്‍ഷത്തിനിടെ കേണൽ ഉൾപ്പെടെ ഇന്ത്യയുടെ 20 സൈനികരാണ് മരിച്ചത്.
1962-ലുണ്ടായ അതിര്‍ത്തിയുദ്ധത്തിലാണ് ഇതിന് മുമ്പ് ഇന്ത്യന്‍ സൈനികരെ ചൈന ബന്ധികളാക്കിയത്. അന്നത്തെ ഏറ്റുമുട്ടലില്‍ 80 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു. 300 ഓളം ചൈനീസ് സൈനികരാണ് അന്ന് മരിച്ചത്. മെയ് അഞ്ച് മുതല്‍ ഇരുസൈന്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ജൂണ്‍ 15 നാണ് ഏറ്റവും തീവ്രമായത്.