ന്യൂഡെൽഹി: സുശാന്ത് സിംഗ് രാജ്പുതിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ കേസ്. അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവർ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകൻ സുധീർ പറഞ്ഞു.
സെക്‌ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരമാണ് കേസ്. ബീഹാർ മുസാഫർപൂർ കോടതിയിലാണ് പരാതി നൽകിയിരിക്കുന്നത്. ഈ അവസ്ഥയാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും സുധീർ വ്യക്തമാക്കി.
അതേസമയം പ്രഗത്ഭനായ നടനായിട്ടും സുശാന്തിന് ആവശ്യത്തിന് അവസരം ലഭിക്കാതിരുന്നത് ബോളിവുഡിലെ കോക്കസുകള്‍ കാരണമാണെന്ന് താരങ്ങള്‍ തന്നെ ആരോപിക്കുന്നു. സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ബോളിവുഡിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.
സുശാന്തിന്റേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം എങ്കിലും ആത്മഹത്യാ പ്രേരകമായ കാരണങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സുശാന്തിനെ വിഷാദ രോഗിയാക്കിയതില്‍ ബോളിവുഡിന് വ്യക്തമായ പങ്കുണ്ടെന്ന് ആരോപിച്ച് പ്രശസ്ത നടീ നടന്‍മാര്‍ തന്നെ രംഗത്തെത്തി. ഗോഡ്ഫാദര്‍ ഇല്ലാത്തത് കാരണമാണ് കഴിവുണ്ടായിട്ടും സുശാന്തിന് അവസരങ്ങള്‍ ലഭിക്കാതിരുന്നതെന്ന് നടി കങ്കണ റണൌത്ത് പറഞ്ഞു. സുശാന്തിന്റെ വിഷാദരോഗവും ആത്മഹത്യയും എല്ലാവരും നിസാരവത്കരിക്കുകയാണെന്നും കങ്കണ കുറ്റപ്പെടുത്തി.