ടിക് ടോക്, സൂം അടക്കം 52 ചൈനീസ് ആപ്പുകള്‍ നിരോധിക്കണം; ഇന്‍റലിജന്‍സ് ഏജന്‍സികള്‍

മുംബൈ: ചൈനയുമായി ബന്ധപ്പെട്ട 55 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വിലക്കാന്‍ നീക്കം. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ആവശ്യപ്പെട്ടെന്ന റിപ്പോർട്ട് പുറത്തുവന്നു . ആപ്പുക്കള്‍ നിരോധിക്കുകയോ ഉപയോഗം നിര്‍ത്താന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ചെയ്യണമെന്നാണ് ഇന്‍റലിജന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈനീസ് ആപ്പുകള്‍ സുരക്ഷിതമല്ലെന്നും വലിയ തോതില്‍ ഡാറ്റ ഇന്ത്യക്ക് പുറത്തേക്ക് എത്തിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്‍റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയത്. ഇന്‍റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റും പിന്തുണക്കുന്നതായി ഒരു മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വീഡിയോ കോണ്‍ഫറന്‍സ് സംവിധാനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന സൂം ആപ്പ്, വീഡിയോ വിനോദ ആപ്പായ ടിക് ടോക്, മറ്റു യുട്ടിലിറ്റി ആപ്പുകളായ യു.സി ബ്രൗസര്‍, എക്സന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ എന്നിവയാണ് ഇന്‍റലിജന്‍സ് എജന്‍സികള്‍ വിലക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇക്കഴിഞ്ഞ ഏപ്രിലില്‍ ആഭ്യന്തര മന്ത്രാലയം നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരം സുമിന്‍റെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ തായ്‍വാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ സൂം ഉപയോഗത്തെ വിലക്കിയിരുന്നു. ജര്‍മന്‍ വിദേശകാര്യമന്ത്രാലയവും സൂം അത്യാവശ്യ സന്ദര്‍ഭങ്ങളില്ലല്ലാതെ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല.