കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് പത്മശ്രീ നാമനിര്‍ദേശം. ഓള്‍ ഇന്ത്യ ഫുഡ്‌ബോള്‍ ഫെഡറേഷനാണ് (എഐഎഫ്എഫ്)ഐഎം വിജയനെ നാമനിര്‍ദേശം ചെയ്തത്. 2003 ല്‍ അദ്ദേഹത്തിനെ അര്‍ജുന അവാർഡ് നല്‍കി ആദരിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യ ഫുട്ബോള്‍ സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ഐഎംവിജയിന്‍ 1992ലാണ് ഇന്ത്യന്‍ ജേഴ്‌സിയണിയുന്നത്. 1992 നും 2003 നും ഇടയില്‍ 79 മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യക്കായി കളിക്കുകയും നാല്‍പ്പതോളം ഗോളുകള്‍ തന്റേതായി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. പതിനൊന്നു വര്‍ഷത്തോളം ഇന്ത്യക്കു വേണ്ടി ബൂട്ടണിഞ്ഞ ഈ തൃശ്ശൂര്‍ക്കാരന്‍ ബൈച്ചുംഗ് ബൂട്ടിയക്കൊപ്പം അന്താരാഷ്ട്ര മത്സരങ്ങളുടെ മുന്‍നിരയില്‍ കൊടുങ്കാറ്റു സൃഷ്ടിച്ചിട്ടുണ്ട്. 1992, 97, 2000 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ ഐ.എഫ്.എഫ്. പ്ലെയര്‍ ഓഫ് ദി ഇയറായിരുന്ന വിജയന്‍ സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ കപ്പില്‍ ഭൂട്ടാനെതിരേ കളി തുടങ്ങിയ പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടിയ അദ്ദേഹം രാജ്യാന്തര തലത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ സ്‌ക്കോറര്‍മാരുടെ പട്ടികയിലും ഇടം നേടിയിട്ടുണ്ട്.
2003-ല്‍ ഇന്ത്യയില്‍ നടന്ന ആഫ്രോ- ഏഷ്യന്‍ ഗെയിംസ് മത്സരത്തില്‍ നാലു ഗോളുകള്‍ നേടി അദ്ദേഹം തന്റേതായി ചരിത്രത്തില്‍ കുറിച്ചിട്ടു. 1987 ല്‍ കേരളാ പോലീസിലൂടെ ഫുട്ബോള്‍ രംഗത്ത് ചുവടു വച്ച ഐനി വളപ്പില്‍ മണി വിജയന്‍ 2006ലാണ് ഔദ്യോഗികമായി രാജ്യാന്തര മത്സരങ്ങളില്‍ നിന്നും വിരമിക്കുന്നത്. മോഹന്‍ ബഗാന്‍, എഫ്.സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് തുടങ്ങി മികച്ച ഇന്ത്യന്‍ ക്ലബ്ബുകളിലും അദ്ദേഹം തന്റെ കാലുകള്‍ കൊണ്ടു വിസ്മയം തീര്‍ത്തിട്ടുണ്ട്.
ശാന്തം എന്ന സിനിമയിലൂടെ സിനിമാരംഗത്ത് കടന്നുവന്ന അദ്ദേഹം നിരവധി മലയാളം, തമിഴ് സിനിമകളിലുമായി അഭിനയ രംഗത്തും തന്റെ പ്രതിഭ തെളിയിച്ചു. 2019 ല്‍ പത്മശ്രീ അവാര്‍ഡ് ലഭിച്ച സുനില്‍ ഛേത്രി അടുത്തിടെ ഒരു ഇന്‍സ്റ്റഗ്രാം ചാറ്റില്‍ വിജയനോടൊപ്പം കളിക്കണമെന്ന് ആഗ്രഹിക്കുന്നവെന്നു പറഞ്ഞിരുന്നു.