പത്തനംതിട്ട: കേരള മുൻ വോളിബോൾ ടീം ക്യാപ്റ്റനും മുൻ രാജ്യാന്തര വോളിബോൾ താരവുമായ ഡാനിക്കുട്ടി ഡേവിഡ് (57) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. രണ്ടാഴ്ചയായി തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
കേരളത്തിലെ ഏറ്റവും മികച്ച വോളിബോൾ താരങ്ങളിൽ ഒരാളായ ഡാനിക്കുട്ടി മെയ് 30 നാണ് ടൈറ്റാനിയത്തിൽ നിന്നും വിരമിച്ചത്. 1963 മെയ് 20നു പത്തനംതിട്ട ജില്ലയിലെ മുല്ലശ്ശേരിയിൽ ആണ് ഇദ്ദേഹത്തിന്റെ ജനനം.
കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ടീമിലൂടെ ആണ് വോളിബോൾ ജീവിതത്തിന് തുടക്കം കുറിച്ചത്. കേരള
യൂണിവേഴ്സിറ്റി വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു. 1981 മുതൽ 1993 വരെ കേരളത്തിനായി 11 ദേശിയ ചാമ്പ്യൻഷിപ്പിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 1985-86 ൽ ഡെൽഹി ദേശിയ ചാമ്പ്യൻഷിപ്പിൽ
കേരളം വെങ്കലം നേടിയിരുന്നു.
1985ൽ നാഷണൽ ഗെയിംസിൽ സ്വർണം നേടിയ കേരള ടീമിൽ ഡാനിക്കുട്ടിയുമുണ്ടായിരുന്നൂ.
ഡാനിക്കുട്ടി ആയിരുന്നു അന്ന് കേരളത്തെ നയിച്ചത്. ഒരു ദശകത്തിലേറെ അദ്ദേഹം ടൈറ്റാനിയത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. 1993 ൽ ഫെഡറേഷൻ കപ്പ് ജേതാക്കളായ ടൈറ്റാനിയം ടീമിൽ അദ്ദേഹം അംഗമായിരുന്നു.
കേരള സിനിയർ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഡാനിക്കുട്ടി.