സുശാന്ത് സിംഗ് രജ്പുതിൻ്റെ ആത്മഹത്യ; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

മുംബൈ: യുവ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിൻ്റെ ആത്മഹത്യയിൽ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചില്ല. ആത്മഹത്യാ കുറിപ്പിനായി രാത്രി മുഴുവൻ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണത്തിന്റെ ഭാഗമായി സുശാന്തിന്റെ മരുന്ന് ശേഖരത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാദത്തിനുള്ള മരുന്ന് സുശാന്ത് ഉപയോഗിച്ചതായി സൂചനയുണ്ട്. അതേസമയം ഇതൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടത്തിലൂടെ അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിട്ടുണ്ടെന്ന് കണ്ടെത്താന്‍ സാധിക്കും.

സുശാന്ത് മനശാസ്ത്രജ്ഞന്റെ സഹായം തേടിയിരുന്നതായി പോലീസ് പറഞ്ഞു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. ബാന്ദ്രയിലെ മൗണ്ട് ബ്ലാങ്ക് അപാര്‍ട്‌മെന്റിലെ ആറാം നിലയിലായിരുന്നു സുശാന്ത് താമസിച്ചിരുന്നത്. രണ്ട് പാചകക്കാരും ഒരു വീട്ടു ജോലിക്കാരനുമാണ് സുശാന്തിനൊപ്പം കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാത്രി നടന്റെ ഒപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു.

ഞായറാഴ്ച രാവിലെ എണീറ്റ സുശാന്ത് 10 മണിയോടെ ജ്യൂസ് കഴിക്കുകയും പിന്നീട് റൂമില്‍ കയറി കതകടക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. പരിചാരകന്‍ സുശാന്തിനെ വിളിച്ചെങ്കിലും വാതില്‍ തുറന്നില്ല. തുടര്‍ന്ന് ഇദ്ദേഹം മറ്റുള്ളവരെ വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസില്‍ അറിയച്ച ശേഷമാണ് 12.45 ഓടെ വാതില്‍ തകര്‍ക്കുന്നത്. സീലിങ്ങ് ഫാനിലാണ് തൂങ്ങി മരിച്ച നിലയിൽ സുശാന്തിനെ ഇവര്‍ കണ്ടത്.
സുശാന്ത് വിഷാദ രോഗത്തില്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നാളെ മുംബൈയില്‍ നടക്കും. അദ്ദേഹത്തിന്റെ കുടുംബം മുംബൈയില്‍ എത്തും. സുശാന്തിന്റെ പിതാവിന്റെ ആരോഗ്യ സ്ഥിതി വഷളാണെങ്കിലും, അദ്ദേഹം പട്‌നയില്‍ നിന്ന് നാളെ മുംബൈയിലെത്തും. ബാന്ദ്രയിലെ വീട്ടിലാണ് സുഷാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.