ന്യൂഡെൽഹി: ഇന്ത്യയിൽ തുടർച്ചയായി കൊറോണ രോഗികൾ പതിനായിരം കടക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11929 പേർക്കാണ് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതർ 3,20,922 കടന്നു.
ഒരു ദിവസം ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിക്കുന്നത് ആദ്യമായി ആണ്. 311 കൊറോണ മരണങ്ങളും റിപ്പോർട്ട് ചെയ്തു. 9195 മരണങ്ങൾ ഇതിനകം രാജ്യത്ത് രേഖപ്പെടുത്തി കഴിഞ്ഞു. 1,49,348 നിലവിൽ ചികിൽസയിൽ ഉണ്ട്. 1,62,379 പേർ രോഗ മുക്തി നേടി.
ഏറ്റവും കൂടുതൽ കൊറോണ ബാധിത പ്രദേശമായി മഹാരാഷ്ട്ര മാറിക്കൊണ്ടിരിക്കുകയാണ്. 1,04,568 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. 3830 മരണവും റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 42,687 പോസിറ്റീവ് കേസുകളും 397 മരണവുമായപ്പോൾ ഗുജറാത്തിൽ 23,038 കേസുകളും 1448 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിദേശത്ത് നിന്നും അന്യ സംസ്ഥാനത്ത് നിന്നും ആളുകൾ എത്തി തുടങ്ങിയതോടെ കേരളത്തിലും കൊറോണ പോസിറ്റീവ് കേസുകൾ വലിയ തോതിൽ ഉയരുന്നുണ്ട്. സമ്പർക്കം മൂലമുള്ള വ്യാപനവും രാജ്യത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വലിയ തോതിൽ കൊറോണ രോഗികൾ വർധിക്കുന്ന സഹജര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തിരുന്നു. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചിച്ച് അടിയന്തര പദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചു. രോഗികൾക്ക് ആവശ്യമായ കിടക്കകൾ ലഭ്യമാക്കാൻ ആരോഗ്യ മന്ത്രാലയത്തിന് നിർദ്ദേശം നൽകി. മൺസൂൺ കാലം കണക്കിലെടുത്ത് വേണ്ട നടപടികൾ സ്വീകരിക്കാനും മോദി നിർദ്ദേശിച്ചു.
കൊറോണ പ്രതിരോധ പ്രർത്തനങ്ങൾക്കായി രാജ്യം സ്വീകരിച്ച നടപടികൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ ആണ് പ്രധാനമന്ത്രി നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്. അഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ, ബന്ധപ്പെട്ട ഉന്നതാധികാരസമിതി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.