ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ഉടമയില്‍ നിന്നു കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

പാലക്കാട്: ടെസ്റ്റ് ഡ്രൈവിനെന്ന വ്യാജേന ഉടമയില്‍ നിന്നു കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ഒറ്റപ്പാലം-ചെര്‍പ്പുളശ്ശേരി റോഡിലൂടെയുള്ള യാത്രയ്ക്കിടെ കാര്‍ 4 വാഹനങ്ങളില്‍ ഇടിച്ചതോടെയാണ് 35 കാരന്‍ അറസ്റ്റിലായത്. കാറുമായി മുങ്ങാന്‍ ശ്രമിച്ച കണ്ണൂര്‍ നിര്‍മലഗിരി പുളിക്കല്‍ വീട്ടില്‍ അബ്ദുല്‍ ജവാദ് ആണു പിടിയിലായത്. വരോട് മൂച്ചിക്കല്‍ മുഹമ്മദലിയുടെ കാറുമായി മുങ്ങാനായിരുന്നു ശ്രമം.

കാര്‍ വിലയ്ക്കു വാങ്ങാനെന്നു വിശ്വസിപ്പിച്ചാണ് ഓടിച്ചു നോക്കാന്‍ കൊണ്ടുപോയത്. മുഹമ്മദലിയുടെ സുഹൃത്ത് അബു താഹിറിനൊപ്പമായിരുന്നു യാത്ര. കോതകുറുശി പനമണ്ണയിലെത്തിയപ്പോള്‍ എന്‍ജിനുള്ളില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം വരുന്നതായി സംശയം പ്രകടിപ്പിച്ച അബ്ദുല്‍ ജവാദ് അബു താഹിറിനോടു ബോണറ്റ് തുറന്നുനോക്കാന്‍ ആവശ്യപ്പെട്ടു. അബു താഹിര്‍ പുറത്തിറങ്ങിയ ഉടന്‍ ജവാദ് കാറുമായി സ്ഥലം വിടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

യാത്രയ്ക്കിടെ കാര്‍ തൃക്കടീരി, കുറ്റിക്കോട് പ്രദേശങ്ങളിലായി 2 ഇരുചക്ര വാഹനങ്ങളിലും ഓട്ടോറിക്ഷയിലും പിക്കപ് വാനിലുമാണ് ഇടിച്ചത്. ചിലര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കുറ്റിക്കോട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അബ്ദുല്‍ ജവാദിനെ തടഞ്ഞുവയ്ക്കുകയും ചെര്‍പ്പുളശ്ശേരി പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഇയാളെ ഒറ്റപ്പാലം പൊലീസിനു കൈമാറിയത്.ഇയാളില്‍ നിന്നു 2 കത്തികള്‍ കണ്ടെത്തി. തൃശൂരിലെ ബന്ധുവീട്ടില്‍ നിന്നുള്ള യാത്രയ്ക്കിടെ കുളപ്പുള്ളിയിലെ മൊബൈല്‍ ഷോപ്പില്‍ നിന്നാണു വരോട്ട് കാര്‍ വില്‍പനയ്ക്കുണ്ടെന്ന വിവരം ജവാദിനു ലഭിച്ചതെന്നു പൊലീസ് പറഞ്ഞു.