കംപ്യൂട്ടറിനെ നഖശിഖാന്തം എതിർത്ത സിപിഎം യോഗങ്ങൾ ഇനി ഓൺലൈനിൽ ; സംസ്ഥാനസമിതി ഇന്ന്

ഉണ്ണിക്കുറുപ്പ്

തിരുവനന്തപുരം: ഒരു കാലത്ത് കംപ്യൂട്ടർ വൽക്കരണത്തെ നഖശിഖാന്തം എതിർത്ത സിപിഎം കൊറോണയുടെ പശ്ചാത്തലത്തില്‍ പാർട്ടി യോഗങ്ങൾ ഓൺലൈനിലാക്കുന്നു. സംസ്ഥാനസമിതി മുതൽ ജില്ല, ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ക്കായുള്ള റിപ്പോര്‍ട്ടിങും ഓൺലൈനിലാക്കുകയാണ് പാർട്ടി. ജില്ലാ കമ്മറ്റി ഓഫീസുകള്‍ വരെ ഓണ്‍ലൈന്‍ സജ്ജമാക്കി കഴിഞ്ഞു.

സിപിഎം സംസ്ഥാനസമിതി യോഗം ഇന്ന് ചേരും. ഓണ്‍ലൈനായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം വിജയം കണ്ടതിന്റെ ചുവട് പിടിച്ചാണ് സംസ്ഥാന സമിതിയിലും പരീക്ഷണം. ഓണ്‍ലൈന്‍ ആയാണ് സംസ്ഥാന സമതി യോഗം ചേരുന്നത്. എകെജി സെന്ററില്‍ എത്താന്‍ കഴിയാത്തവരെ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുപ്പിക്കും. എല്ലാ ജില്ലാ കമ്മിറ്റി ഓഫീസുകളിലും ഇതിനായുള്ള സൗകര്യം സിപിഎം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണയുടെ കാലത്ത് ചേരുന്ന ആദ്യ സംസ്ഥാന സമിതിയില്‍ കേന്ദ്ര റിപ്പോര്‍ട്ടിംഗാണ് പ്രധാനം. പിബി യോഗതീരുമാനങ്ങളുടെ റിപ്പോര്‍ട്ടിങാണ് പ്രധാന അജണ്ട. കൊറോണ കാലത്തെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും ഇന്ന് ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ചചെയ്യും.

പിബി അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്‍, എസ് രാമചന്ദ്രന്‍ പിള്ള, എംഎ ബേബി, കോടിയേരി എന്നിവരും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും എകെജി സെന്ററിലിരുന്ന് യോഗത്തില്‍ പങ്കെടുക്കും. മറ്റ് അംഗങ്ങള്‍ അതാത് ജില്ലാ കമ്മറ്റി ഓഫിസില്‍ ഇരുന്നാവും യോഗത്തില്‍ പങ്കെടുക്കുക. നാളെ ജില്ല, ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ക്കായുള്ള റിപ്പോര്‍ട്ടിങും ഓണ്‍ലൈന്‍ വഴി നടത്തും.

മുൻ മുഖ്യമന്ത്രി ഇ കെ നായനാർ കംപ്യൂട്ടറിനെ ഭീകരനെന്ന് വിളിച്ചത് 2001 ൽ ഒന്നാം പേജ് വാർത്തയായിരുന്നു. കംപ്യൂട്ടർവൽക്കരണം യാഥാർഥ്യമായാൽ വ്യാപകമായ തൊഴിലില്ലായ്മയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് ഏറെ ഗൗരവമായാണ് സാധാരണക്കാരും സിപിഎം പ്രവർത്തകരും ഉൾക്കൊണ്ടത്. കംപ്യൂട്ടർവൽക്കരണത്തിനെതിരേ ഡിവൈഎഫ്ഐ, എസ് എഫ്ഐ ,ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കമുള്ള പാർട്ടി പോഷക സംഘടനകളും പ്രതിഷേധവും പ്രക്ഷോഭവുമായി രംഗത്തിറങ്ങിയിരുന്നു.

എന്നാൽ രണ്ടാഴ്ച മുമ്പ് ചേർന്ന പാർട്ടി പോളിറ്റ് ബ്യൂറോ ഓൺലൈൻ വിദ്യാഭ്യാസത്തെ ശക്തമായി എതിർത്തിരുന്നു. പാർലമെൻ്റ് അംഗീകാരമില്ലാതെയാണ് ഇത് നടപ്പാക്കുന്നതെന്നായിരുന്നു പാർട്ടി സെക്രട്ടറി ഉന്നയിച്ച ആക്ഷേപം. എന്നാൽ സിപിഎം ഭരിക്കുന്ന കേരളത്തിൽ തുടങ്ങി വച്ച ഓൺലൈൻ വിദ്യാഭ്യാസം പോളിറ്റ് ബ്യൂറോ അറിഞ്ഞതേയില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്താകട്ടെ സർവ്വകലാശാലകൾ കൊറോണയുടെ മറവിൽ പരീക്ഷകളും മൂല്യനിർണയും യാതൊരു മാനദണ്ഡവും പാലിക്കാതെ തോന്ന്യാസം നടത്തുകയാണ്. പല സർവകലാശാലകളിലും സിൻഡിക്കേറ്റിൻ്റെ തീരുമാനങ്ങളോട് വൈസ് ചാൻസിലർമാർക്ക് വിയോജിപ്പുണ്ടെങ്കിലും അത് പുറത്ത് പ്രകടിപ്പിക്കാൻ ധൈര്യമില്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. നിർഭാഗ്യവശാൽ വിദ്യാഭ്യാസ രംഗത്തെ നിലവാര തകർച്ചയ്ക്കിടയാക്കുന്ന ഈ നീക്കങ്ങളിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പുലർത്തുന്ന മൗനം സംശയം ജനിപ്പിക്കുന്നതാണ്‌.