കുവൈറ്റ് : കേരളത്തിൽ നിന്നും ഇന്നലെ കുവൈറ്റിൽ തിരിച്ചെത്തിയ മൂന്ന് നഴ്‌സുമാർക്ക് കൊറോണ സ്ഥിരീകരിച്ചു. കൊച്ചിയിൽ നിന്നും കുവൈറ്റ് എയർ വെയ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസം എത്തിയ 323 ആരോഗ്യ പ്രവർത്തകരുടെ പരിശോധനാ ഫലം ലഭിച്ചപ്പോഴാണ് മൂന്ന് പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണ പരിശോധനക്ക് വിധേയരാക്കാതെയാണ് ഇവരെ കയറ്റി അയച്ചതെന്നതിനാൽ കേരള സർക്കാർ ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് ആക്ഷേപമുണ്ട്.
തിരുവല്ല മാന്നാർ വളഞ്ഞവട്ടം സ്വദേശിയാണ് ഒരാൾ. അദാൻ ആശുപത്രിയിലെ സ്റ്റാഫ്‌നഴ്സ് ആണു ഇദ്ദേഹം. മറ്റു രണ്ടു പേരും മലയാളികളാണെങ്കിലും ഏതു ജില്ലക്കാരാണെന്ന് വിവരം ലഭിച്ചിട്ടില്ല. ഇവരിൽ ഒരാൾ സ്ത്രീയാണ്. രണ്ടു പേരും സബാഹ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരാണ്.
രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട മൂന്നു പേരും ജാബിർ ആശുപത്രിയിൽ ചികിൽസയിലാണ്. മൂന്നു പേർക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മടങ്ങിയെത്തിയവരെ ജാബർ അൽ അഹമദ് പ്രദേശത്തെ ഒരു കെട്ടിടത്തിൽ ക്വാറൻ്റീനിലാക്കി. വിമാന സർവ്വീസ് നിർത്തലാക്കിയത് കാരണം അവധി കഴിഞ്ഞ് തിരിച്ചു വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങി കിടക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് തിരിച്ചു വരുന്നതിനു കഴിഞ്ഞ ദിവസമാണു കുവൈറ്റ് സർക്കാർ സൗകര്യം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി കുവൈറ്റിൽ നിന്നുള്ള യാത്രക്കാരുമായി നാട്ടിലേക്ക് ചാർട്ട് ചെയ്തു പോയ കുവൈറ്റ് എയർ വെയ്സ് വിമാനത്തിൽ ആരോഗ്യ പ്രവർത്തകരെ തിരിച്ചു കൊണ്ടു വരാൻ തീരുമാനിക്കുകയായിരുന്നു.