നിതിന്റെ മൃതദേഹം കൊണ്ടുവന്നു ; സംസ്‌കാരം ഇന്ന് വൈകിട്ട് പേരാമ്പ്രയിൽ

കൊച്ചി; ഗർഭിണികളേയും രോഗികളെയും നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന, ദുബായില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ച നിതിന്റെ മൃതദേഹം കേരളത്തില്‍ എത്തിച്ചു. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചിയിലാണ് മൃതദേഹം എത്തിച്ചത്. ആംബുലന്‍സിൽ മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോയി. പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയുടെ അടുത്തേക്കാണ് ആദ്യം നിതിനെ കൊണ്ടുപോവുക. ഇന്ന് വൈകിട്ട് പേരാമ്പ്രയിലാണ് സംസ്‌കാരം.

തിങ്കളാഴ്ച ദുബായിൽവെച്ചാണ് നിതിൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. ​പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയാണ് നിതിൻ ചന്ദ്രൻ. ദുബായിൽ നിന്ന് ​ഗർഭിണികളേയും മറ്റും നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു നിതിൻ. അതിനിടെയാണ് അപ്രതീക്ഷിത മരണം. ഭര്‍ത്താവിന്റെ കൂടെ ദുബായിലായിരുന്ന ആതിര കഴിഞ്ഞ മാസമാണു നാട്ടിലെത്തിയത്. നിതിൻ വിടപറഞ്ഞതിന് പിന്നാലെ ആതിര പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു,

ലോക്ക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു യാത്രാനുമതി നേടുകയായിരുന്നു. ആദ്യവിമാനത്തില്‍ തന്നെ ആതിരയ്ക്ക് ഇടം കിട്ടുകയും ചെയ്തു. ഭാര്യയ്‌ക്കൊപ്പം വരാമായിരുന്നുവെങ്കിലും, അത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാളുടെ അവസരം നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി നിതിന്‍ യാത്ര ഒഴിവാക്കുകയായിരുന്നു.