ആശുപത്രിയിൽ നിന്ന് കാണാതായ കൊറോണ രോഗി റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ

മുംബൈ: മെട്രോ നഗരത്തിലെ കണ്ടിവാലിയിലെ ശതാബ്ദി ആശുപത്രിയിൽ നിന്ന് കാണാതായ 80 കാരനായ കൊറോണ രോഗിയെ ഏതാനും കിലോമീറ്റർ അകലെയുള്ള റെയിൽവേ ട്രാക്കുകൾക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്താൻ മേയർ കിഷോരി പെദ്‌നേക്കർ ഉത്തരവിട്ടു.

പനി, വയറുവേദന തുടങ്ങിയ രോഗ ലക്ഷങ്ങളെ തുടർന്ന് ജൂൺ ആറിനാണ് മലദ് അപ്പ പാഡ ചേരികളിൽ താമസിക്കുന്ന വിത്തൽ മുലിയെ ശതാബ്ദി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂൺ എട്ടിന് രാവിലെ വാർഡിൽ നിന്ന് കാണാതായതായി ആശുപത്രി അധികൃതർ അറിയിച്ചു.

പരിശോധനാ ഫലങ്ങൾ കാത്തിരിക്കുന്നതിനിടയിലാണ് മുലിയെ ആശുപത്രിയിലെ കൊറോണ വാർഡിൽ പ്രവേശിപ്പിച്ചത്. ഫലം പോസിറ്റീവായതിനുശേഷം, മറ്റ് കുടുംബാംഗങ്ങളെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരുന്നു. കുടുംബാംഗങ്ങൾ കൂടി നിരീക്ഷണത്തിൽ ആയതോടെ ഫോണിലൂടെ മാത്രമേ അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചിരുന്നുള്ളു എന്ന് കൊച്ചു മകൻ പറഞ്ഞു. ജൂൺ എട്ടിനാണ് അദ്ദേഹത്തെ കാണാനില്ലെന്ന് പറഞ്ഞു ആശുപത്രി അധികൃതർ വിളിക്കുന്നത്. പിന്നീട് പോലീസിൽ വിവരം അറിയിച്ചു.

ഇതിന് ശേഷം ആണ് റയിൽവേ ട്രാക്കിൽ നിന്നും മൃതദേഹം കണ്ടത്തുന്നത്.