നെടുമങ്ങാട്: കരുണയും കരുതലുമായി പാലോട് പോലീസ് സ്റ്റേഷൻ. കടം ചോദിച്ചു സ്റ്റേഷനിലെത്തിയ ഒരു കുടുംബത്തെ കയ്യയച്ച് സഹായിച്ചാണ് പൊലീസുകാർ മാത്യകയായത്.
പൊലീസ് സ്റ്റേഷനുകളിൽ പല തരം പരാതിക്കാർ എത്താറുണ്ടെങ്കിലും 2000 രൂപ കടം തരാമോ എന്ന ആവശ്യവുമായി ഒരു കുടുംബം പാലോട് പൊലീസ് സ്റ്റേഷനിലെത്തിയത് ഇതാദ്യം. കടം അഭ്യർഥിച്ചു പാലോട് എസ്ഐക്ക് എഴുതിയ കത്തിന്റെ ചുരുക്കം ഇതായിരുന്നു: പെരിങ്ങമ്മലയിൽ വാടകയ്ക്കു താമസിക്കുകയാണ്. മക്കൾ പ്ലസ് ടുവിലും നാലിലുമായി പഠിക്കുന്നു. ടിസി വാങ്ങാൻ പോകുന്നതിനു പോലും കയ്യിൽ പണമില്ല.
2000 രൂപ കടമായി തരണം. വീട്ടുജോലിക്കു പോയ ശേഷം തിരികെ തന്നു കൊള്ളാം. കത്തു വായിച്ച എസ്ഐ സതീഷ്കുമാർ ഉടൻ 2000 രൂപ നൽകി. കാര്യങ്ങളൊക്കെ തിരക്കിയപ്പോൾ, ഭർത്താവ് ഉപേക്ഷിച്ചതാണെന്നും രാവിലെ കുട്ടികൾ ഒന്നും കഴിച്ചിട്ടില്ലെന്നും അറിഞ്ഞു. അതോടെ സ്റ്റേഷനിലെ പൊലീസുകാരുടെ സഹായ മനസ്സ് ഉണർന്നു. അവരുടെ വകയായി ഒരു മാസത്തേക്കു ഭക്ഷ്യസാധനങ്ങൾ കൂടി വാങ്ങി നൽകിയാണു വീട്ടമ്മയെയും മക്കളെയും വിട്ടത്.