ഊഹാപോഹങ്ങൾക്ക് അറുതി; കെജ്‌രിവാളിന് കൊറോണയില്ല; പരിശോധനാ ഫലം നെഗറ്റീവ്

ന്യൂഡെൽഹി: ഊഹാപോഹങ്ങൾക്ക് അറുതി. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊറോണയില്ല. ഇന്ന് പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് താൽക്കാലിക വിരാമമായത്.

കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെജ്‌രിവാളിനെ കൊറോണ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ അരവിന്ദ് കേജ്‌രിവാളിന് നേരിയ പനിയും, തൊണ്ടവേദനയും ഉണ്ടായിരുന്നു. ഇന്നാണ് പരിശോധനാ ഫലം പുറത്തുവന്നത്. പനിയുണ്ടായപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ എല്ലാ പരിപാടികളും മാറ്റിവെച്ചാണ് കെജ്‍രിവാള്‍ സ്വയം നിരീക്ഷണത്തില്‍ പോയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില ചര്‍ച്ചകളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. ഒപ്പം ഡെൽഹി സെക്രട്ടറിയേറ്റിലും എത്തിയിരുന്നു.

അതേസമയം, ഡെൽഹിയില്‍ കൊറോണ കേസുകള്‍ കുതിച്ചുയരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് അനുസരിച്ച് ഡെൽഹിയില്‍ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവകാശപ്പെട്ടു. എന്നാല്‍, ഡെൽഹിയിലെ കൊറോണ പോസിറ്റീവ് കേസുകളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യത ഉണ്ടായതായി വിലയിരുത്തുന്നതെന്നും ഡെൽഹിയിലെ 50 ശതമാനം കേസുകളുടെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.