സർവ്വകലാശാലകൾ പരസ്യ തട്ടിപ്പിന്; വീട്ടിലിരുന്ന് പരീക്ഷ എഴുതാം; എംജിക്ക് പിന്നാലെ കുസാറ്റും

തിരുവനന്തപുരം: നിയമം കാറ്റിൽ പറത്തി അധികൃതരുടെ ഒത്താശയോടെ സർവ്വകലാശാലകൾ പരസ്യമായ പരീക്ഷാ തിരിമറിക്ക്. കൊറോണ മറയാക്കി എംജി സർവ്വകലാശാല മൂല്യനിർണയത്തിൽ തിരിമറിക്ക് തയ്യാറെടുക്കുമ്പോൾ പരീക്ഷകളിൽ തന്നെ വ്യാപകമായ തിരിമറിക്കും മാർക്ക് തട്ടിപ്പിനുമാണ് കുസാറ്റിൽ കളമൊരുങ്ങുന്നത്.

നാളെ മുതൽ ആരംഭിക്കുന്ന അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളിലാണ് തട്ടിപ്പിന് ഔദ്യോഗികമായി അവസരമൊരുക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ ഉത്തരവ് സർവകലാശാല പുറത്തിറക്കി.

വിദ്യാർഥികൾക്ക് പരീക്ഷകൾ വീട്ടിലിരുന്ന് സ്വതന്ത്രമായി എഴുതാനാണ് സർവകലാശാല അവസരം ഒരുക്കിയിരിക്കുന്നത്. പരീക്ഷ മേൽനോട്ടത്തിന് ആരും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വിദ്യാർഥികൾക്ക് ഉത്തരങ്ങൾ പുസ്തകങ്ങൾ തുറന്നിട്ട് എഴുതാനും, പകർത്തിയെഴുതാനും പരസഹായത്തോടെ എഴുതാനും തടസമുണ്ടാവില്ല.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷകളുടെ ചോദ്യ പേപ്പർ വിദ്യാർഥികൾക്ക് അവരുടെ ഇമെയിലിൽ സർവ്വകലാശാല നിശ്ചയിച്ചിട്ടുള്ള ടൈംടേബിൾ പ്രകാരം ലഭ്യമാക്കും. വെള്ളകടലാസ്സിൽ ഒരുവശത്ത് മാത്രം ഉത്തരമെഴുതണം. പരീക്ഷ ആരംഭിച്ച് അരമണിക്കൂർ ഇടവിട്ട് എഴുതിയ ഉത്തരങ്ങൾ വിദ്യാർഥികൾ സ്കാൻ ചെയ്ത് യൂണിവേഴ്സിറ്റിയുടെ വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്യാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവർക്ക് പിന്നീട് ഇമെയിൽ ആയി അയക്കാനും അവസരം നൽകിയിട്ടുണ്ട്.

നിലവിലുള്ള പരീക്ഷ ചട്ടങ്ങൾക്ക് വിരുദ്ധമാണ് ഈ നടപടി എങ്കിലും ഓൺ ലൈൻ പരീക്ഷ എന്ന പേരിലാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്. പരീക്ഷാ എഴുതുന്ന വിദ്യാർത്ഥികളും ഒരു വിഭാഗം സർവകലാശാല അധ്യാപകരും ഈ തീരുമാനത്തോട് യോജിപ്പിലാണ്. എല്ലാ വിദ്യാർഥികളും ഈ പരീക്ഷകളിൽ ഉയർന്ന മാർക്കുകൾ നേടുമെന്നത് ഉറപ്പാണ്.

വിദ്യാർഥികൾക്ക് പരസ്പരം ചർച്ച ചെയ്ത് ഉത്തരങ്ങൾ എഴുതാനുമാകും. കാലേകൂട്ടി എഴുതിത്തയ്യാറാക്കിയ ഉത്തരങ്ങൾ ചോദ്യനമ്പർ മാത്രം ഇട്ട് അപ്‌ലോഡ് ചെയ്യാനും വിദ്യാർഥികൾക്ക് അവസരം ലഭിക്കും

പത്തു ലക്ഷത്തോളം വരുന്ന പ്ലസ് ടു , എസ്.എസ്.എൽ.സി വിദ്യാർഥികളുടെ പരീക്ഷകൾ സെൻ്ററുകളിൽ നടത്താമെങ്കിൽ സർവ്വകലാശാലയ്ക്കും ഇതേ രീതി അനുവർത്തിക്കാനാകും. ഇതര സർവകലാശാലകൾ അവസാന വർഷ ബിരുദ പരീക്ഷകൾ സുഗമമായി നടത്തിയിരുന്നു. എന്നാൽ ആയിരത്തിനു താഴെമാത്രം ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പഠിക്കുന്ന കുസാറ്റ് വിവിധ കേന്ദ്രങ്ങളിൽ പരീക്ഷകൾ നടത്തുന്നതിന് പകരം ഓൺ ലൈൻ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത് പുതിയൊരു പരീക്ഷാ തട്ടിപ്പിൻ്റെ സാധ്യത അറിയാനാണെന്ന് ആക്ഷേപം ശക്തമായിട്ടുണ്ട്.

സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകൾ ഓൺലൈൻ പരീക്ഷകൾ ശാസ്ത്രീയമായും കുറ്റമറ്റരീതിയിലും
സുതാര്യമായും നടത്തുമ്പോഴാണ് കേരളത്തിലെ ശാസ്ത്ര സങ്കേതിക സർവകലാശാല ഓൺ ലൈനിന്റെ പേരിൽ പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തി അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്.

ഈ പരീക്ഷാ തിരിമറി സർവകലാശാലയുടെ വിശ്വാസ്യത തകർക്കുമെന്നും തീരുമാനം പിൻവലിക്കണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി കുസാറ്റ് വൈസ് ചാൻസിലറോട് ആവശ്യപ്പെട്ടു.