സര്‍ക്കാര്‍ ജോലി ലഭിക്കാനായി അച്ഛനെ മകന്‍ കൊലപ്പെടുത്തി

ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാരനായ പിതാവിനെ മകൻ കൊന്നു. ആശ്രിത നിയമനം വഴി ജോലി ലഭിക്കാനുള്ള മകന്റെ അതിബുദ്ധിയായിരുന്നു കൊലപാതകത്തിന് പിന്നിൽ. തെലങ്കാനയിലെ പെഡ്ഡപള്ളിയിലാണ് സംഭവം. അമ്മയും സഹോദരനും കൊലപാതകത്തിനായി സഹായിച്ചെന്നും പൊലീസ് വ്യക്തമാക്കി.

കൊല്ലപ്പെട്ട 55 കാരനായ പിതാവ് ഗോദാവരി ഖനിയിലെ സിംഗരേനി കൊളേറീസ് ലിമിറ്റഡില്‍ പമ്പ് ഓപ്പറേറ്ററായിരുന്നു. ഇയാള്‍ മരിച്ചാല്‍ ഡിപ്ലോമ യോഗ്യതയുള്ള മകന് ആശ്രിത നിയമനം വഴിയുള്ള ജോലി ലഭിക്കുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 25 കാരനായ മകന്‍ ടവ്വലുപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് അച്ഛനെ കൊലപ്പെടുത്തിയത്. മരിച്ചത് ഹൃദയാഘാതമാണെന്നും കുടുംബം വരുത്തി തീര്‍ത്തു. രണ്ട് മക്കളെയും അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. അമ്മ ഒളിവിലാണ്.