ന്യൂഡെല്‍ഹി: കൊറോണ രോഗബാധയെ തുടര്‍ന്ന് ഡെല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചയാളെ കഴിഞ്ഞ ആറ് ദിവസമായി കാണാനില്ല. 65 കാരനായ രാജ് നരേന്‍ മഹ്‌തോയെ രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ മകന്‍ നീരജ് കുമാര്‍ ആദ്യം അദ്ദേഹത്തെ ജനക്പൂരിലെ മാതാ ചനന്‍ദേവി ആശുപത്രിയിലും പിന്നീട് ഡെല്‍ഹിയിലെ എല്‍എന്‍ജെപി ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ കുറച്ചു ദിവസങ്ങളായി പിതാവിനായി അയച്ചിരുന്ന ഭക്ഷണം തിരികെ നല്‍കുകയായിരുന്നുവെന്ന് നീരജ് കുമാര്‍ ആരോപിച്ചു.
പിതാവിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ പല തരത്തിലുള്ള പ്രതികരണങ്ങളാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ലഭിച്ചതെന്ന് നീരജ് പറഞ്ഞു. ഈ പേരില്‍ ഒരു രോഗി ഉണ്ടായിരുന്നെന്നും അദ്ദേഹത്തെ ഐസിയുവിലേക്കു മാറ്റിയിരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വാര്‍ഡുകളിലും ഐസിയുവിലും പിതാവിനെ കണ്ടെത്താനായില്ലെന്നാണ് നീരജ് പറയുന്നത്. ഇതെ തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തെക്കുറിച്ചു അന്വേഷിക്കുകയാണെന്നും രോഗിയെ കണ്ടെത്താന്‍ ശ്രമിക്കുന്നതായും പോലീസ് അറിയിച്ചു.