ന്യൂഡെൽഹി: പാലക്കാട് മണ്ണാർക്കാട് ഗര്‍ഭിണിയായ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി മനേക ഗാന്ധിയുടെ പീപ്പിൾസ് ഫോർ അനിമൽസ് (പിഎഫ്എ) വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്.
https://www.peopleforanimalsindia.org/, //blog.peopleforanimalsindia.org/ എന്നീ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്.
ആന ചരിഞ്ഞത് മലപ്പുറത്താണ് എന്ന ആദ്യം പ്രചരിപ്പിച്ചത് മനേക ഗാന്ധിയായിരുന്നു. മലപ്പുറം ജില്ല മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നുമാണ് മനേകാഗാന്ധി പ്രതികരിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതകൾ തുടരുമ്പോഴും ഇതുവരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മനേക പറഞ്ഞു.
ഇതിന് പിന്നാലെയാണ് മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം ശക്തമായത്. ടെലിവിഷൻ അഭിമുഖത്തിനിടെ മലപ്പുറം ജില്ലയെ അപമാനിക്കുന്ന വിധത്തിൽ മനേക ഗാന്ധി സംസാരിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം.
ആനയുടെ വിധിയിൽ അതീവ ദുഃഖമുണ്ട്. ആന ചരിഞ്ഞ സംഭവം പാലക്കാടാണ് ഉണ്ടായത് എന്നു വ്യക്തമായി അറിഞ്ഞിട്ടും മലപ്പുറം ജില്ലയിലാണ് എന്ന പ്രചരണം അത്ര നിഷ്കളങ്കമായ പ്രതികരണമായി കാണാൻ കഴിയുന്നില്ല. ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കൾ ഈ ഒരു വിഷയത്തെ വർഗീയവൽക്കരിച്ചു നമ്മുടെ നാടിനെ അപമാനിക്കുന്നത് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയില്ല. എന്ന് കേരള സൈബർ വാരിയേഴ്സ് തങ്ങളുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പ്രസ്താവനകൾക്ക് പിന്നിൽ മൃഗസ്നേഹം തന്നെ ആണോ എന്ന് സംശയിക്കുന്നതായും കേരള സൈബർ വാരിയേഴ്സ് പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തിയാൽ മാതൃകാപരമായി ശിക്ഷിക്കണം എന്നും കേരള സൈബർ വാരിയേഴ്സ് സർക്കാരിനോട് അഭ്യർഥിച്ചു