ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ചു ; നാലു പ്ലസ് ടു വിദ്യാർഥികൾ അറസ്റ്റിൽ

തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ അവഹേളിച്ചത് പ്ലസ് ടു വിദ്യാർഥികൾ. സഭ്യേതര സന്ദേശങ്ങൾ അയച്ച നാലുപേർ അറസ്റ്റിലായി. പുതുതായി രൂപീകരിച്ച വാട്സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈൽ ഫോണുകൾ സൈബർ ക്രൈം പൊലീസ് പിടിച്ചെടുത്തു. മലപ്പുറം സ്വദേശിയായ അഡ്മിനുവേണ്ടി അന്വേഷണം ഊർജിതമാക്കി.

കണ്ണൂർ, എറണാകുളം സ്വദേശികളുമായ വിദ്യാർത്ഥികളെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തു. സന്ദേശം പ്രചരിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു. തെളിവ് കിട്ടിയാൽ പ്രതി ചേർക്കും. മുഖ്യ പ്രതിയെന്ന് കരുതുന്ന മലപ്പുറം സ്വദേശിയായ ഗ്രൂപ്പ് അഡ്മിനെ കണ്ടെത്താൻ ശ്രമം തുടരുകയാണ്.

അധ്യാപകരെ അപമാനിച്ച കൂട്ടത്തിൽ നിരവധി വിദ്യാർഥികളും ഉണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണ്.

വിക്ടേഴ്സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് തൊട്ട് പിന്നാലെ ഇത് സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപകരെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ട്രോളുകളും കമന്റുകളും അതിരുവിട്ടതോടെയാണ് കൈറ്റ് വിക്ടേഴ്സ് സിഇഒ അൻവർസാദത്ത് എഡിജിപി മനോജ് എബ്രഹാമിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവത്തിൽ വനിതാ കമ്മീഷനും യുവജന കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

അധ്യാപികമാര്‍ക്കെതിരെ സാമൂഹമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഫെയ്സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫിസര്‍, എഡിജിപി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് നടപടി.

അധ്യാപകർക്കെതിരെ ലൈംഗിക ചുവയോടെയുള്ള ട്രോളുകളും പോസ്റ്ററുകളും കമന്റുകളും പ്രചരിപ്പിച്ചവർക്കെതിരെയാണ് കേസ്.