സംസ്ഥാനത്ത് കാലവർഷം തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം തുടങ്ങിയതായി കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നേരത്തെ ജൂൺ എട്ടോടെ മാത്രമേ കാലാവ‍ർഷം കേരളത്തിൽ എത്തൂം എന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൻ്റെ പ്രവചനം. എന്നാൽ അറബിക്കടലിൽ രൂപം കൊണ്ട ഇരട്ടന്യൂനമ‍ർദ്ദവും കാറ്റിൻ്റെ ​ഗതി അനുകൂലമായതും കാലവ‍ർഷത്തെ നേരത്തെ കേരളതീരത്ത് എത്തിക്കുകയായിരുന്നു.

അതേസമയം അറബിക്കടലിൽ ലക്ഷദ്വീപിനും കേരളത്തിനും ഇടയിലായി രൂപം കൊണ്ട ന്യൂനമ‍ർദ്ദം കൂടുത‍ൽ കരുത്താ‍‍ർജ്ജിച്ചു വരികയാണ്. വരും മണിക്കൂറുകളിൽ ഈ ന്യൂനമ‍ർദ്ദം നിസ‍​ർ​ഗ ചുഴലിക്കാറ്റായി മാറി മഹാരാഷ്ട്രയ്ക്കും ​ഗുജറാത്തിനുമിടയിൽ കരം തൊടും എന്നാണ് പ്രവചനം.

മെയ്മാസം പത്തിനുശേഷം മിനിക്കോയ് , അഗത്തി, തിരുവനന്തപുരം ,പുനലൂർ ,കൊല്ലം ,ആലപ്പുഴ , കോട്ടയം ,കൊച്ചി ,തൃശൂർ ,കോഴിക്കോട് , തലശ്ശേരി ,കണ്ണൂർ , കാസർകോട് , മംഗലാപുരം എന്നീ പതിനാലിടങ്ങളിൽ അറുപതു ശതമാനത്തിനു മുകളിൽ സ്ഥലങ്ങളിൽ ( ഒന്പതിലധികം ഇടങ്ങളിൽ ) തുടർച്ചയായ രണ്ടു ദിവസങ്ങളിൽ 2. 5 മില്ലി മീറ്ററിൽ കൂടുതൽ മഴപെയ്താൽ തെക്കു പടിഞ്ഞാറൻ കാലവർഷം ആരംഭിച്ചതായി കണക്കാക്കാം. ഇതു കൂടാതെ വേറെയും സൂചകങ്ങളെ കാലവ‍ർഷത്തിൻ്റെ വരവ് നി‍ർണയിക്കാൻ പ്രയോജനപ്പെടുത്താറുണ്ട്.