മുൻ ഇന്ത്യൻ ഫുട്ബോൾ താരം എസ് എസ് ബിർ ബഹാദൂർ അന്തരിച്ചു

ഹൈദരാബാദ്: 1966 ലെ ഏഷ്യൻ ഗെയിംസിൽ കളിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം എസ് എസ് ബിർ ബഹാദൂർ അന്തരിച്ചു. അദ്ദേഹത്തിന് 75 വയസ്സായിരുന്നു. സെക്കന്തരാബാദിലാണ് മരിച്ചത്. ഇദ്ദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹവും ഉണ്ടായിരുന്നു.

ആഴ്ചകളോളം ഇദ്ദേഹം അബോധാവസ്ഥയിലായിരുന്നു. അവസാന കാലത്ത് ദയനീയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഭാര്യയും രണ്ട് ആൺമക്കളും ഒരു മകളുമാണ് ഇദ്ദേഹത്തിന് ഉള്ളത്. നിത്യവൃത്തിക്കായി സെക്കന്തരാബാദിലെ കന്റോൺമെന്റ് ഏരിയയിൽ ഉന്തുവണ്ടിയിൽ പാനിപുരി വിറ്റാണ് ജീവിച്ചിരുന്നത്.

1960 മുതൽ 1970 വരെ ത്രിലോക് സിങ്, ദൊരൈസ്വാമി, വില്യംസ് എന്നീ വമ്പൻമാർക്കൊപ്പം കളിച്ച താരമാണ്.
ഗൂർഖ ബ്രിഗേഡിനൊപ്പം 1966-ലെ ചരിത്ര പ്രസിദ്ധമായ ഡ്യൂറൻഡ് കപ്പ് വിജയത്തിൽ പങ്കാളിയായിരുന്നു. സേട്ട് നാഗ്ജി, ചാക്കോള, ജി.വി രാജ, ശ്രീനാരായണ ടൂർണ്ണമെന്റുകളിലായി കേരളത്തിലും കളിക്കാനെത്തിയിരുന്നു അദ്ദേഹം.

മികച്ച സ്ട്രൈക്കർമാരിൽ ഒരാളായിരുന്ന അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പലതും ഇന്നും ഓർമയിലുണ്ടെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വിക്ടർ അമൽരാജ് പറയുന്നത്.
കളിക്കളത്തിൽ നിന്ന് വിടവാങ്ങിയശേഷം പട്ടാളത്തിൽ നിന്ന് കിട്ടുന്ന പെൻഷൻ കൊണ്ടായിരുന്നു ജീവിതം. പ്രാരബ്ദങ്ങൾ വിടാതെ പിന്തുടർന്നു തുടങ്ങിയപ്പോൾ ജീവിക്കാൻ വേണ്ടി പല വേഷങ്ങളും കെട്ടേണ്ടിവന്നിട്ടുണ്ട് ഇദ്ദേഹത്തിന്.