കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികൾ മുങ്ങി മരിച്ചു

മൂവാറ്റുപുഴ: പുഴകളിൽ ജലനിരപ്പ് കൂടിയതോടെ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ വ്യത്യസ്ത സംഭവങ്ങളിലായി മുങ്ങി മരിച്ചു. മണീട് നെച്ചൂര്‍ക്കടവ് പാലത്തിന് സമീപം കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. നെച്ചൂര്‍ കടവിന് സമീപം പെരുമ്പിളളില്‍ വിജയന്റെയും മനോമണിയുടെയും മകന്‍ വൈഷ്ണവ് വിജയ(15) നാണ് മരിച്ചത്. സഹോദരനൊപ്പം മലങ്കര ജലാശയത്തിൽ കുളിക്കാനിറങ്ങിയ മറ്റൊരു വിദ്യാർഥി മുങ്ങി മരിച്ചു. തൊടുപുഴ കാഞ്ഞാർ കൈപ്പക്കവലയിൽ ജിഷ്ണു (18) ആണ് മരിച്ചത്.

നെച്ചൂര്‍ കടവിന് സമീപം ഞായറാഴ്ച്ച് വൈകീട്ട് അഞ്ച് മണിയോടെയാണ് വൈഷ്ണവ് വിജയൻ മുങ്ങി മരിച്ചത്. വൈഷ്ണവും ആറ് കൂട്ടുകാരുമൊത്താണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. പുഴയില്‍ കുളിക്കുന്നതിനിടയില്‍ വൈഷ്ണവ് ഒഴുക്കിൽ പെടുകയായിരുന്നു. പുഴയില്‍ ജല നിരപ്പ് ഉയര്‍ന്നിരുന്നു. ഒഴുക്കും കൂടുതലായിരുന്നു. പിറവത്തുനിന്നെത്തിയ അഗ്നി രക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കോതമംഗലത്ത് നിന്നും സ്‌കൂബ ടീമെത്തിയാണ് വൈഷ്ണവിനെ മുങ്ങിയെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മുളന്തുരുത്തി തുരുത്തിക്കര ഗവ.ടെക്‌നിക്ക്ല്‍ സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയായിരുന്നു വൈഷണവ്. സഹോദരങ്ങള്‍: ജിഷ്ണു (സൗദി്), വിഷ്ണു. പിറവത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച്ച പോലീസിന്റെ പരിശോധനകൾക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.