ഗവർണറുടെ താക്കീത് അവഗണിച്ചു; സർവകലാശാല അക്കാദമിക് കാര്യങ്ങളിൽ വീണ്ടും സർക്കാർ ഇടപെടൽ

തിരുവനന്തപുരം: കോളേജുകളുടെ അക്കാദമിക് പ്രവർത്തനങ്ങളിൽ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടൽ വീണ്ടും. സർവകലാശാലകളുടെ അക്കാദമിക് വിഷയങ്ങളിൽ സർക്കാരിൻ്റെ ഇടപെടൽ പാടില്ലെന്ന ഗവർണറുടെ താക്കീത് അവഗണിച്ചാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടൽ.

കോളേജുകളുടെ പ്രവർത്തനസമയം രാവിലെ 8.30 മുതൽ 1.30 വരെആയിമാറ്റണമെന്നും, ഓൺലൈൻ ക്ലാസുകളിലൂടെ ജൂൺ ഒന്നു മുതൽ അക്കാദമിക വർഷം ആരംഭിക്കണ മെന്നും അധ്യയനം, വിദ്യാർഥികളുടെ ഹാജർ, എന്നിവ സംബന്ധിച്ചുള്ള വിശദാംശങ്ങൾ കോളേജ് വിദ്യാഭ്യാസ ഡയറക്ടർക്കു കൈമാറണമെന്നും ആണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. പഠനരീതിയും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഓൺലൈൻ ക്ലാസ്സുകളുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ ഒന്നിന് തിരുവനന്തപുരം ഗവ:സംസ്‌കൃത കോളേജിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർവഹിക്കുകയാണ്

നിർത്തിവച്ചിരുന്ന യൂണിവേഴ്സിറ്റി പരീക്ഷകൾ ജൂൺ 2 മുതൽ ആരംഭിക്കാനിരിക്കെ ഓൺലൈൻ ക്ലാസുകൾ തുടങ്ങാനാകില്ലെന്ന് ബോധ്യമുള്ളപ്പോഴാണ് മന്ത്രിയുടെ കോളേജ് തുറക്കൽ പ്രഖ്യാപനം.

സർവകലാശാല ചട്ടങ്ങൾ പ്രകാരം അഫിലിയേറ്റഡ് കോളേജുകളിലെ അധ്യായന സമയം, ഹാജർനില, പാഠ്യ പാഠ്യേതര വിഷയങ്ങൾ എന്നിവയിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ട സർവ്വകലാശാലകളെ മറികടന്നാണ് സർക്കാർ ഇക്കാര്യങ്ങളിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൊറോണ കാലത്ത് ഓൺലൈൻ പഠനം ആശ്വാസകരമാണെങ്കിലും ഓൺലൈൻ പഠനം നടത്തുന്നതിനുള്ള യാതൊരു മുന്നൊരുക്കങ്ങളും കോളേജുകൾ നടത്താതെയാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്.

സർവകലാശാലകളുടെ ബന്ധപ്പെട്ട സമിതികളിൽ വിശദമായ ചർച്ചകൾ കൂടാതെയാണ് ഓൺലൈൻ പഠനം ആരംഭിക്കാനും കോളേജുകളിലെ അധ്യയന സമയം മാറ്റാനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്

അതേ സമയം കൊറോണയുടെ മറവിൽ സർവകലാശാലകളുടെ അക്കാദമിക് കാര്യങ്ങളിൽ ഇടപെട്ടുള്ള സർക്കാർ ഉത്തരവുകൾ അടിയന്തിരമായി പിൻവലിക്കണമെന്നും സർവകലാശാലകളുടെ അക്കാദമിക് സമിതികളിൽ അടിയന്തിരമായി ചർച്ച ചെയ്ത് മേൽനടപടികൾ കൈക്കൊള്ളണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ R.S.ശശികുമാറും, സെക്രട്ടറി M ഷാജർ ഖാനും പ്രസ്താവനയിൽ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.