കുവൈറ്റ് : യുവാവടക്കം മൂന്നു മലയാളികൾ കുവൈറ്റിൽ മരിച്ചു. കാസർകോട് സ്വദേശി യുവാവ് ഹ്യദ്രോഗത്തെ തുടർന്നും മറ്റു രണ്ടു പേർ കൊറോണ ബാധിച്ചുമാണ് മരിച്ചത്. കാസർകോട് തൃക്കരിപ്പൂർ ചെറുവത്തൂർ തുരുത്തി തൈലകണ്ടി പുരയിൽ റാഷിദ് (40) ആണ് ഹ്യദ്രോഗത്തെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം അമീരി ആശുപത്രിയിൽ മരിച്ചത്.
പത്തനംതിട്ട വല്ലന സ്വദേശി പവിത്രൻ ദാമോദരൻ (52) , കണ്ണൂർ കതിരൂർ തോടമുക്ക് ബൈത്തുൽ ഖൈറിൽ മൂപ്പൻ മമ്മൂട്ടി (69) എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് ഫർവ്വാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു പവിത്രൻ ദാമോദരൻ. നെഞ്ചു വേദനയെ തുടർന്ന് മൂപ്പൻ മമ്മൂട്ടിയെ ഫർവ്വാനിയ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോഴാണ് കൊറോണ ബാധ കണ്ടെത്തിയത്.
സമ്പൂർണ്ണ കർഫ്യൂ മൂലം അടച്ചിട്ടിരുന്ന തൻ്റെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റിൻ്റെ ശുചീകരണ പ്രവർത്തികൾ നടത്താൻ എത്തിയപ്പോൾ റാഷിദ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ അമീരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഹ്യദ്രോഗത്തെ തുടർന്നാണ് മരണം സംഭവിച്ചത് എന്നാണു പ്രാഥമിക നിഗമനം.
കൊറോണ ബാധിച്ച് മരിച്ച പവിത്രൻ ദാമോദരൻ കഴിഞ്ഞ 22 വർഷമായി അഹമദി കമ്പനിയിലെ ജീവനക്കാരനായിരുന്നു. അബ്ബാസിയയിലാരുന്നു താമസിച്ചിരുന്നത്.ഭാര്യ ബിന്ദു.
മൂപ്പൻ മമ്മൂട്ടി ഫർവ്വാനിയയിലെ ഫാത്തിമ സൂപ്പർ മാർക്കറ്റ് ഉടമയാണ്. ഭാര്യ ഹഫ്സത്ത് കോറോത്ത്.
മക്കൾ :സാലിഹ് (കുവൈറ്റ്) ,
വൈറുന്നിസ,മെഹ്റുന്നിസ
സിറാജ് ( കുവൈറ്റ്) .