റാഞ്ചി: ലോക് ഡൗൺ മൂലം കശ്മീരിലെ ലേയിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ വിമാന സൗകര്യം ഒരുക്കി ജാർഖണ്ഡ് സർക്കാർ. കുടുങ്ങി കിടക്കുന്ന 60 തൊഴിലാളികൾക്കായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ വിമാനം ബുക്ക് ചെയ്തത്.
രാജ്യത്ത് ആദ്യമായാണ് ലോക് ഡൗൺ മൂലം കുടുങ്ങി പോയ കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിനായി ഒരു സർക്കാർ വ്യോമമാർഗം സ്വീകരിക്കുന്നത്. വിമാനത്തിൽ ഡൽഹിയിലെത്തുന്ന തൊഴിലാളികളെ ബസുകളിൽ റാഞ്ചിയിലെത്തിക്കും.
ലോക് ഡൗണിനെ തുടർന്നു തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും തുടർന്ന് അവർക്ക് നാട്ടിലേക്ക് വരാൻ സംവിധാനങ്ങൾ ഇല്ലാതാകുകയും ചെയ്തിരുന്നു. തൊഴിൽ നഷ്ടമായതോടെ ജീവിതവും വഴിമുട്ടിയ ഇവർ ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയോട് സഹായം അഭ്യർഥിച്ചത്.
മെയ് 10 നാണ് തൊഴിലാളികൾ ട്വിറ്ററിലൂടെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നത്. തുടർന്ന് അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. തൊഴിലാളികൾ മടങ്ങിവരുന്നതിനായി ഒരുങ്ങുമ്പോൾ തങ്ങൾക്ക് സഹായം നൽകണമെന്ന് സോറൻ വ്യക്തിപരമായി ലഡാക്ക് ഭരണകൂടത്തോട് അഭ്യർത്ഥിച്ചിരുന്നു.
അതേസമയം രാജ്യത്തുടനീളം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാന സർക്കാരുകൾ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിന് തൊട്ടുപിന്നാലെയാണ്
ജാർഖണ്ഡ് സർക്കാരിന്റെ ഈ നടപടി.
എന്നാൽ ലഡാക്ക്, ആൻഡമാൻ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ മടക്കിയെത്തിക്കാൻ വിമാനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹേമന്ത് സോറൻ കേന്ദ്രത്തിനും ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചിരുന്നു. എന്നാൽ കത്തുകൾക്ക് മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് മെയ് 25 ന് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചതോടെ തൊഴിലാളികൾക്കായി സംസ്ഥാനസർക്കാർ വിമാനം ബുക്ക് ചെയ്യുകയായിരുന്നു