ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

റായ്പൂർ: ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി (74) അന്തരിച്ചു. റായ്പൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ഒരാഴ്ചയായി വെൻ്റിലേറ്ററിലായിരുന്നു. ഹൃദയാഘാതത്തെത്തുടർന്നു അബോധാവസ്ഥയിലായിരുന്നു. ചികിത്സയോടു ശരീരം പ്രതികരിച്ചിരുന്നില്ല. ശ്വാസതടസ്സമുള്ളതിനാൽ തലച്ചോറിലേക്ക് ഓക്സിജൻ എത്തിയില്ല. ഇതു തലച്ചോറിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ചു. പ്രഭാതഭക്ഷണം കഴിക്കുന്നതിനിടെ തളർന്നുവീണതിനെത്തുടർന്നാണ് ഈ മാസം ആദ്യമാണ് അജിത് ജോഗിയെ ആശുപത്രിയിൽ ശ്രീനാരായണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൂന്നുപതിറ്റാണ്ടിലേറെ കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു. ഐഎഎസ് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2016ല്‍ കോണ്‍ഗ്രസ് വിട്ടു. പാര്‍ലമെന്റംഗം, നിയമസഭാംഗം, എഴുത്തുകാരന്‍ എന്നീനിലകളില്‍ തിളങ്ങി.

നാടകീയതകൾ ധാരാളമുള്ളതായിരുന്നു അജിത് ജോഗിയുടെ ജീവിതം. സംസ്ഥാനം രൂപീകരിച്ചപ്പോൾ മുഖ്യമന്ത്രിയായി. നെഹ്റു–ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയ ജോഗി അപകടത്തെത്തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായപ്പോൾ പുറത്തു കാത്തുനിന്നവരിൽ സോണിയ ഗാന്ധിയുമുണ്ടായിരുന്നു. 2016ൽ മകൻ അമിത് ജോഗിയെ സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണു ജോഗി കോൺഗ്രസ് വിട്ടത്. ബിജെപി സ്ഥാനാർഥിയുടെ ജയത്തിനായി കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കാൻ ജോഗിയും മകനും ശ്രമം നടത്തിയെന്ന ഓഡിയോ പുറത്തായതിനെത്തുടർന്നായിരുന്നു ഇത്. കോൺഗ്രസിനെ എതിർക്കും, ഗാന്ധി കുടുംബത്തിനെതിരെ ഒരക്ഷരം മിണ്ടില്ല എന്നായിരുന്നു അജിത് ജോഗിയുടെ പ്രഖ്യാപിത നയം. 2004 ൽ തിരഞ്ഞെടുപ്പു പ്രചാണത്തിനിടെയുണ്ടായ വാഹനാപകടത്തിൽ ജോഗിക്കു ഗുരുതരപരുക്കേറ്റതിനെ തുടർന്ന് നടക്കാൻ കഴിയാതെയായി. ചക്രക്കസേരയിൽ സംസ്ഥാനം മുഴുവൻ പര്യടനം നടത്തിയ അദ്ദേഹം റാലികളുടെയും യോഗങ്ങളുടെയും എണ്ണത്തിൽ മുഖ്യമന്ത്രി രമൺസിങ്ങിനെ വരെ കവച്ചുവച്ചു.

ഒന്നാം റാങ്കോടെ എൻജിനീയറിങ് ബിരുദവും പിന്നീടു സിവിൽ സർവീസും നേടിയ അജിത് ജോഗിയെ രാഷ്‌ട്രീയത്തിലെത്തിച്ചതു രാജീവ് ഗാന്ധിയാണ്. 1977 – 80 കാലം. ജോഗി അന്നു റായ്‌പൂർ കലക്‌ടർ. പൈലറ്റായ രാജീവ് വിമാനം പറത്തി റായ്‌പൂരിലെത്തുമ്പോൾ ജില്ലാ കലക്‌ടറെ കാണും സംസാരിക്കും. 1984ൽ രാജീവ് പ്രധാനമന്ത്രിയായപ്പോൾ രാജിവച്ചു ഡൽഹിയിലേക്കു വരാൻ ജോഗിയോടു നിർദേശിച്ചു. രാജീവിന്റെ ഇഷ്‌ടക്കാരനും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള യുവ നേതാവുമെന്ന നിലയിൽ ഡൽഹി രാഷ്‌ട്രീയത്തിൽ വളരെപ്പെട്ടെന്നു താരമായി. 86 മുതൽ 98 വരെ രാജ്യസഭാംഗം. അക്കാലം കോൺഗ്രസ് വക്‌താവായും തിളങ്ങി.

ഛത്തീസ്‌ഗഡ് രൂപീകരിച്ചപ്പോൾ ആദ്യ മുഖ്യമന്ത്രിയായി പാർട്ടി നിയോഗിച്ചു. തുടക്കത്തിൽ പ്രതീക്ഷ നൽകിയ മുഖ്യമന്ത്രി വളരെപ്പെട്ടെന്നു വിവാദങ്ങളുടെ ചുഴിയിൽപ്പെട്ടു. അനധികൃത സ്വത്തുസമ്പാദനം മുതൽ മോഷണവും കൊലപാതകവും വരെ ആരോപണങ്ങളായി. ബിജെപി എംഎൽഎമാരെ വിലയ്‌ക്കു വാങ്ങാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്ന് 2003ൽ പാർട്ടി പുറത്താക്കി. തിരിച്ചെടുത്ത് 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരവസരം നൽകി. അപ്പോഴായിരുന്നു വിധിനിർണായകമായ അപകടം.