കൊല്ലം: അഞ്ചലില്‍ പാമ്പ് കടിയേറ്റ് മരിച്ച ഉത്രയുടെ ഒരുവയസ്സുള്ള കുഞ്ഞിനായി സൂരജിന്റെ വീട്ടിലും ബന്ധുവീട്ടിലും തിരിച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ പൊലീസിനായില്ല. സൂരജിന്റെ അമ്മ കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോയെന്ന് ഉത്രയുടെ കുടുംബം ആരോപിക്കുന്നു. കുട്ടിയെ ഏറ്റുവാങ്ങാന്‍ എത്തിയത് ഉത്രയുടെ അച്ഛനും ബന്ധുക്കുളുമായിരുന്നു. അപ്പോഴാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്. അതേസമയം രാവിലെ പത്തുമണിക്ക് അഞ്ചല്‍ സ്റ്റേഷനില്‍ കുട്ടിയെ എത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ശിശുക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാന്‍ അഞ്ചല്‍ പൊാലീസ് സ്‌റ്റേഷനില്‍ ചെന്നിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടു തരില്ലെന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്ന് അഞ്ചല്‍ പൊലീസില്‍നിന്ന് പൊലീസ് ഓഫീസറുമായി ഉത്രയുടെ അച്ഛനും ബന്ധുക്കളും അടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചെന്നു. കുഞ്ഞ് സൂരജിന്റെയോ ബന്ധുവീടുകളിലോ ഇല്ലെന്ന് പൊലീസുകാരില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. കുഞ്ഞിനെ ഈ അവസരത്തില്‍ കാണാനില്ലെങ്കില്‍, കുഞ്ഞിനെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുമെന്നും ഉത്രയുടെ അമ്മ പ്രതികരിച്ചു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് കുഞ്ഞിനെ ഉത്രയുടെ കുടുംബത്തിന് കൈമാറണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി പുറപ്പെടുവിച്ചത്. ഉത്രയുടെ പിതാവ് അഞ്ചല്‍ പൊലീസ് സ്‌റ്റേഷനിലെത്തി ഉത്തരവ് കൈമാറി. തുടര്‍ന്ന് അഞ്ചല്‍ സി.ഐ. ആവശ്യപ്പെട്ടതനുസരിച്ച് അടൂര്‍ സിഐയാണ് കുഞ്ഞിനെ തിരക്കി സൂരജിന്റെ വീട്ടിലെത്തിയത്. എന്നാല്‍ കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുട്ടിയുമായി ഇവര്‍ മാറിനില്‍ക്കുന്നെന്ന സംശയമാണ് പൊലീസിനുള്ളത്. കുട്ടിയെ എറണാകുളത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് സൂരജിന്റെ അച്ഛനും സഹോദരിയും പൊലീസിനോട് പറഞ്ഞത്.